നിയമലംഘനങ്ങള്‍ കണ്ടെത്താൻ കടകളില്‍ പരിശോധ; ഒരു സ്റ്റോര്‍ പൂട്ടിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിലും സാല്‍മിയയിലും വിവിധ കടകളിലും മാര്‍ക്കറ്റുകളിലും പരിശോധന നടത്തി ഹവല്ലിയിലെ എമർജൻസി ആൻഡ് റാപിഡ് ഇന്‍റര്‍വെന്‍ഷൻ സംഘം.മുനസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായിരുന്നു പരിശോധനയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻറ് അറിയിച്ചു.

ഹവല്ലി, സാല്‍മിയ മേഖലകളില്‍ നടത്തിയ ഫീല്‍ഡ് പരിശോധനകളില്‍ ഒരു സ്റ്റോർ അടച്ചുപൂട്ടുകയും 23 നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. പരസ്യ ലൈസൻസ് ഇല്ലാത്തത്, ലൈസൻസ് ലഭിക്കുന്നതിന് മുമ്ബ് സ്റ്റോർ തുറക്കല്‍, ലൈസൻസില്‍ പറഞ്ഞിട്ടില്ലാത്ത സ്ഥലം ഉപയോഗിക്കല്‍, സ്റ്റോറിന് പുറത്ത് സാധനങ്ങള്‍ പ്രദർശിപ്പിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് ഗവർണറേറ്റിലെ എമർജൻസി ആൻഡ് റാപ്പിഡ് ഇൻറർവെൻഷൻ ടീം തലവൻ ഇബ്രാഹിം അല്‍ സബാൻ പറഞ്ഞു. അടച്ചുപൂട്ടലിലേക്ക് നയിച്ചേക്കാവുന്ന ലംഘനങ്ങളും പിഴകളും ഒഴിവാക്കാൻ മുനിസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ അല്‍ സബാൻ കട ഉടമകളോട് ആവശ്യപ്പെട്ടു.

കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 26,778 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി കുവൈത്ത് ട്രാഫിക് വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന. ഒരാഴ്ചക്കിടെ 26,778 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ട്രാഫിക് വിഭാഗം അറിയിച്ചു. പ്രതിദിനം ശരാശരി 3,825 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ കാലയളവില്‍ ആകെ 3,925 അപകടങ്ങള്‍ കൈകാര്യം ചെയ്തു. 263 പേർക്കാണ് പരിക്കേറ്റത്.

ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷൻസ് സെക്ടർ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി മേജർ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജനറല്‍ ട്രാഫിക് ഡിപ്പാർട്ട്‌മെൻറ് ഡയറക്ടർ ജനറല്‍ ബ്രിഗേഡിയർ ജനറല്‍ ജമാല്‍ അല്‍ ഫൗദാരിയുടെ മേല്‍നോട്ടത്തിലാണ് പരിശോധന ക്യാമ്ബയിനുകള്‍ നടന്നത്.

പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 188 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു, 32 പേരെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ ചെയ്യാൻ ഉപയോഗിച്ച 63 വാഹനങ്ങള്‍ കണ്ടുകെട്ടി. നാല് പേരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാർട്ട്‌മെന്‍റിലേക്ക് കൈമാറി. ഒരാളെ ഫയര്‍ആം പൊസഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലേക്കും നിരവധി പ്രായപൂർത്തിയാകാത്തവരെ ജുവനൈല്‍ പ്രോസിക്യൂഷനിലേക്കും കൈമാറിയതായും അധികൃതര്‍ അറിയിച്ചു.