കൊട്ടക് മഹീന്ദ്ര ബാങ്കിന് തിരിച്ചടി; ഈ കാര്യങ്ങളില്‍ നിന്നും വിലക്കി ആര്‍ബിഐ

ദില്ലി: സ്വകാര്യ വായ്പാ ദാതാവായ കൊട്ടക് മഹീന്ദ്ര ബാങ്കിന് അതിൻ്റെ ഓണ്‍ലൈൻ, മൊബൈല്‍ ബാങ്കിംഗ് ചാനലുകള്‍ വഴി പുതിയ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതും പുതിയ ക്രെഡിറ്റ് കാർഡുകള്‍ നല്‍കുന്നതും നിർത്തിവെക്കാൻ ആവശ്യപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
അതേസമയം, ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കള്‍ ഉള്‍പ്പെടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നയാള്‍ക്ക് സേവനങ്ങള്‍ തുടർന്നും നല്‍കാമെന്ന് ആർബിഐ അറിയിച്ചു.

ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ്, 1949-ലെ സെക്ഷൻ 35A പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ആർബിഐയുടെ നടപടി.

കൊട്ടാക്കിലെ കംപ്ലയിൻസും റിസ്ക് മാനേജ്മെൻ്റും സംബന്ധിച്ച ആശങ്കകള്‍ക്ക് മറുപടിയായി സെൻട്രല്‍ ബാങ്ക് സ്വീകരിച്ച നിയന്ത്രണ നടപടികളുടെ ഭാഗമായാണ് ഈ നിർദ്ദേശം.

പുതിയ ഓണ്‍ലൈൻ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും പുതിയ ക്രെഡിറ്റ് കാർഡുകള്‍ നല്‍കുന്നതില്‍ നിന്നും കൊട്ടക് ബാങ്കിനെ വിലക്കിയിട്ടുണ്ട്.

കൊട്ടക് മഹീന്ദ്ര ബാങ്കിന്മേലുള്ള ആർബിഐ നിയന്ത്രണങ്ങള്‍ കുറഞ്ഞത് ഒരു വർഷമെങ്കിലും തുടരുമെന്ന് കരുതുന്നതായി ആഷിക സ്റ്റോക്ക് ബ്രോക്കിംഗിലെ അശുതോഷ് മിശ്ര പറയുന്നു. ബാങ്കുകള്‍ക്കെതിരെയോ വിസ, മാസ്റ്റർകാർഡ് എന്നിവയ്‌ക്കെതിരെയോ ആർബിഐ സമാനമായ നടപടികള്‍ കൈക്കൊണ്ട സംഭവങ്ങള്‍ പരിശോധിക്കുമ്ബോള്‍ ഇതിന് കുറഞ്ഞത് ഒരു വർഷമെടുക്കും. ആർബിഐയുടെ ഭാഗത്തുനിന്നും സമഗ്രമായ ഓഡിറ്റുകള്‍ ആവശ്യമാണ്. ആര്ബിഐയ്ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ അവർ ഈ നിയന്ത്രണങ്ങള്‍ നീക്കുകയുള്ളൂ, അശുതോഷ് മിശ്ര പറയുന്നു.

2022, 2023 വർഷങ്ങളിലെ കൊട്ടാക്കിൻ്റെ ഐടി സംവിധാനങ്ങള്‍ സെൻട്രല്‍ ബാങ്ക് പരിശോധിച്ച്‌ ചില വലിയ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടികള്‍ സ്വീകരിക്കുന്നത്. ബാങ്ക് ഇതുവരെ ആ പ്രശ്‌നങ്ങള്‍ ശരിയായോ വേഗത്തിലോ പരിഹരിച്ചിട്ടില്ല, ആർബിഐ പ്രസ്താവനയില്‍ പറഞ്ഞു.

കൂടാതെ, ബാങ്ക് അതിൻ്റെ കമ്ബ്യൂട്ടർ ഉപകരണങ്ങളോ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളോ നടത്തിയിട്ടില്ലെന്നും ഡാറ്റ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന ഒന്നും ചെയ്തിട്ടില്ലെന്നും ആർബിഐ ചൂണ്ടിക്കാട്ടി. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പറഞ്ഞതിന് ശേഷവും, ബാങ്ക് അത് നല്ല രീതിയില്‍ ചെയ്തില്ല എന്ന ആർബിഐ വ്യക്തമാക്കി