വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ പ്രതി വിലങ്ങില്‍നിന്ന് കൈ ഊരിയെടുത്ത് രക്ഷപ്പെട്ടു: 2 ദിവസത്തിന് ശേഷം കീഴടങ്ങി

മലപ്പുറം: കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്ഷപ്പെട്ട പ്രതി പൊലീസില്‍ കീഴടങ്ങി.പറവണ്ണ സ്വദേശി റബീഹ് (22) ആണു രക്ഷപ്പെട്ടത്. തിരൂർ ജില്ലാ ആശുപത്രിയിലാണു സംഭവം നടന്നത്.

അർധരാത്രി പറവണ്ണയിലുണ്ടായ അടിപിടിയെ തുടർന്നാണ് റബീഹിനെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി തിരൂർ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. റിമാൻഡില്‍ നിന്നു കസ്റ്റഡിയിലെടുത്ത മറ്റൊരു പ്രതിയും കൂടെയുണ്ടായിരുന്നു. ഇരുവരുടെയും കൈകളില്‍ വിലങ്ങ് ധരിപ്പിച്ചാണ് ആശുപത്രിയില്‍ എത്തിച്ചത്. കൂടെ മൂന്ന് പൊലീസുകാരും ഉണ്ടായിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ കയറിയ ഉടൻ റബീഹ് വിലങ്ങില്‍ നിന്ന് കൈ ഊരിയെടുത്ത് ഇറങ്ങിയോടി. കൂടെ പൊലീസുകാരും ഓടിയെങ്കിലും ഇയാളെ കിട്ടിയില്ല. അടുത്തുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഒരു വശം കടന്നാണ് റബീഹ് ഓടിയത്. ഒരാള്‍ അഗ്‌നിരക്ഷാസേനാ ഓഫിസിന്റെ സമീപം വഴി റെയില്‍പാളം ചാടി കടന്ന് ഓടുന്നത് ചിലർ കണ്ടിരുന്നു. തുടർന്ന് പൊലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം തിരൂർ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഇയാള്‍ക്കെതിരെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതിനും കേസെടുത്ത് അറസ്റ്റ് ചെയ്തു.