റിക്കാര്‍ഡ് ഉയരത്തില്‍ ചാഞ്ചാട്ടം; സ്വര്‍ണവില വീണ്ടും കുറഞ്ഞു


കൊച്ചി: സംസ്ഥാനത്ത് റിക്കാർഡ് ഉയരത്തില്‍ ചാഞ്ചാടിയ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്.ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന് 53,000 രൂപയിലും ഗ്രാമിന് 6,625 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 5,540 രൂപയിലും ഗ്രാമിന് 240 രൂപ കുറഞ്ഞ് 44,320 രൂപയിലുമെത്തി.
ബുധനാഴ്ച സ്വര്‍ണവില പവന് 360 രൂപ കൂടിയിരുന്നു. അതിനു മുമ്ബുള്ള മൂന്നു ദിവസങ്ങളിലായി 1,600 രൂപയാണ് പവന് കുറഞ്ഞത്. ചൊവ്വാഴ്ച മാത്രം പവന് ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു.

കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച്‌ 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാംതീയതി മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഏപ്രില്‍ 16 ന് 720 രൂപയുടെ വർധനവോടെ സംസ്ഥാനത്തെ സ്വർണ വില ആദ്യമായി പവന് 54000 കടന്നു. 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില കുറയാന്‍ തുടങ്ങിയത്. ഏപ്രില്‍ രണ്ടിന് രേഖപ്പെടുത്തിയ 50,680 രൂപയാണ് ഈ മാസത്തെ കുറഞ്ഞ സ്വർണവില.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആഗോള, ആഭ്യന്തരവിപണികളിലും സ്വര്‍ണവില ചാഞ്ചാട്ടം തുടരുകയാണ്.
പശ്ചിമേഷ്യയിലെ യുദ്ധ ഭീതി താല്‍ക്കാലികമായി ഒഴിഞ്ഞതോടെയാണ് സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞത്. എന്നാല്‍ ഇതിന് ശേഷം സ്വർണം ഇപ്പോള്‍ തിരിച്ചു കയറുന്ന കാഴ്ചയാണു കണ്ടത്. വരുംദിവസങ്ങളിലും വില മുന്നോട്ട് തന്നെ കുതിക്കുമോ എന്ന ആശങ്കയ്ക്കിടെയാണ് ഇന്ന് വിലകുറഞ്ഞത്.

അതേസമയം, വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 87 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഇന്നും ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.