Main Banner

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച്‌ വഴിയരികില്‍ ഉപേക്ഷിച്ച സംഭവം: ഗുണ്ടാസംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

തിരുവല്ല: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചശേഷം വഴിയരികില്‍ ഉപേക്ഷിച്ച നാലംഗ ഗുണ്ടാസംഘത്തിലെ മൂന്നുപേർ പൊലീസിന്റെ പിടിയിലായി.തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയില്‍ രാഹുല്‍ മനോജ് (കൊയിലാണ്ടി രാഹുല്‍ -29), കുറ്റപ്പുഴ മാർത്തോമാ കോളേജിന് സമീപം പാപ്പനവേലില്‍ സുബിൻ അലക്‌സാണ്ടർ (26), കിഴക്കൻ മുത്തൂർ പ്ലാംപറമ്ബില്‍ കരുണാലയത്തില്‍ ദീപുമോൻ എ (വാവ -28) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഉള്‍പ്പെട്ട തിരുവല്ല മഞ്ഞാടി തൈമലയില്‍ കെവിൻ മാത്യു ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തൃശൂർ മണ്ണുത്തി സ്വദേശി ശരത്തിനെ (23) ക്രൂരമായി മർദ്ദിച്ച്‌ വഴിയില്‍ ഉപേക്ഷിച്ച കേസിലാണ് അറസ്റ്റ്.

1 st paragraph

കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10ന് പായിപ്പാട്ടുനിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന ശരത്തിനെ കാർ തടഞ്ഞുനിറുത്തിയശേഷം നാലംഗസംഘം അതേകാറില്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. രാത്രി മുഴുവൻ ശരത്തിനെ മർദ്ദിച്ച്‌ അവശനാക്കിയശേഷം ഗുണ്ടാസംഘം കവിയൂർ മാകാട്ടി കവലയില്‍ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

ശരത്തിന്റെ കാറും അടിച്ചുതകർത്തശേഷം സംഘം ഇവിടെ ഉപേക്ഷിച്ചു. നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ച ശരത്ത് ചികിത്സയിലാണ്. മാന്താനം സ്വദേശി സേതുവിന്റെ ഉടമസ്ഥതയിലുള്ള ജെ.സി.ബിയുടെ ഡ്രൈവറാണ് ശരത്. ഗുണ്ടാസംഘത്തിന് സേതുവുമായി മുൻവൈരാഗ്യം ഉണ്ടായിരുന്നു. ശരത്ത്, സേതുവുമായി ഒത്തുചേർന്ന് സംഘത്തിനെതിരെ പ്രവർത്തിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

2nd paragraph

ശരത്തിനെ ആക്രമിച്ചശേഷം പ്രതികള്‍ റെയില്‍വേ സ്റ്റേഷന് സമീപം വടിവാള്‍ കാണിച്ച്‌ ഓട്ടോ ഡ്രൈവറെയും ഭീഷണിപ്പെടുത്തി. ഏറെനേരം ഇവിടെ ബഹളമുണ്ടാക്കിയ ഇവരെ പിടികൂടാനെത്തിയ തിരുവല്ല പൊലീസിന്റെ വാഹനത്തെയും ഇടിപ്പിച്ചശേഷമാണ് പ്രതികള്‍ മുങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളും ഇവർ ഉപയോഗിച്ച കാറും സി.ഐ. ബി.കെ. സുനില്‍ കൃഷ്ണൻ, എസ്.സി.പി.ഒമാരായ അഖിലേഷ്, മനോജ്, സി.പി.ഒ അവിനാശ് എന്നിവരുടെ സംഘം കസ്റ്റഡിയിലെടുത്തത്. കാപ്പാക്കേസിലെ പ്രതികളായ കൊയിലാണ്ടി രാഹുലും സുബിൻ അലക്‌സാണ്ടറും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. രാഹുല്‍ വിവിധ സ്റ്റേഷനുകളിലായി കഞ്ചാവ്, അടിപിടി, അക്രമം, വധശ്രമം ഉള്‍പ്പെടെ 16 കേസുകളില്‍ പ്രതിയാണെന്ന് ഡിവൈ.എസ്.പി എസ് അഷാദ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.