വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി യുവാവ് മരിച്ചു
ദുബൈ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് ആണ് മരിച്ചത്.29 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
മെയ് അഞ്ചിനായിരുന്നു മുഹമ്മദ് ഷാസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. പിതാവ്: എൻ.പി മൊയ്തു, മാതാവ്: വി.കെ ഷഹന, റാബിയ, റിയൂ എന്നിവർ സഹോദരങ്ങളാണ്. നിയമ നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
താമസസ്ഥലത്ത് കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു
റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആർ ഹൗസില്‍ സജീവ് അബ്ദുല്‍ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയില്‍ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് 6.30 ഓടെ ബാത്റൂമില്‍ കുഴഞ്ഞു വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു.
കൂടെ ജോലി ചെയ്യുന്നയാള്‍ ഉടൻ സ്പോണ്‍സറെ അറിയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മുറിവില്‍ 12 തുന്നലിട്ടു. ശേഷം റൂമില്‍ തിരിച്ചെത്തി വിശ്രമിക്കുന്നത് കണ്ടിട്ടാണ് കൂടെയുള്ളയാള്‍ ഡ്യൂട്ടിക്ക് പോയത്. മൂന്ന് മണിക്കൂറിന് ശേഷം തിരിച്ചെത്തുമ്ബോള്‍ നിലത്ത് മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഇതിനിടയില്‍ സജീവ് നാട്ടില്‍ വിളിച്ച് ഭാര്യയോട് വീണതും പരിക്കേറ്റതും ആശുപത്രിയില്‍ പോയതും എല്ലാം പറഞ്ഞിരുന്നത്രേ. പോലീസ് എത്തി മൃതദേഹം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. നാട്ടില്‍ കൊണ്ടുപോകും. രണ്ട് വർഷം മുമ്ബാണ് ഹൗസ് ഡ്രൈവർ വിസയില്‍ നാട്ടില്‍ നിന്നെത്തിയത്. ജൂണ്‍ രണ്ടിന് നാട്ടില്‍ പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. പരേതരായ അബ്ദുല്‍ റസാഖ്, റുക്കിയ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ഷിബിന, മക്കള്‍: ദിയ സജീവ്, നിദ ഫാത്തിമ. സഹോദരങ്ങള്‍: അൻസർ, നൗഷാദ്, നവാബ്, നവാസ്, താഹിറ, സഫാറൂനിസ, വാഹിദ.