30 വര്‍ഷത്തെ പ്രവാസ ജീവിതം; മലയാളി സൗദിയില്‍ നിര്യാതനായി
റിയാദ്: തിരുവനന്തപുരം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. ബീമാപള്ളി സ്വദേശി പരേതനായ മുഹമ്മദ് നൂഹിന്റെ മകൻ മുഹമ്മദ് സലീം (54) ആണ് മരിച്ചത്.അസുഖത്തെ തുടർന്ന് ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. മൂന്ന് പതിറ്റാണ്ടു കാലമായി സൗദിയില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്ന ഇദ്ദേഹം ഖമീസ് മുശൈത്ത് മുനിസിപ്പാലിറ്റിയില്‍ 25 വർഷത്തോളം ഡ്രൈവറായി ജോലി ചെയ്തിരുന്നു. ശേഷം ടാക്സി ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു.
അടുത്ത കാലത്താണ് ഖമീസ് മുശൈത്തില്‍ നിന്നും ജിദ്ദയിലേക്ക് ജോലി മാറിയത്. അസീറില്‍ ജീവകാരുണ്യ, സാമൂഹിക പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. നിയമനടപടികള്‍ പൂർത്തിയാക്കി മൃതദേഹം ഞായറാഴ്ച രാവിലെ ജിദ്ദ റുവൈസ് മഖ്ബറയില് ഖബറടക്കും. തുടർ നടപടികള്‍ക്കായി ഖമീസ് മുശൈത്തില്‍ ജോലി ചെയ്യുന്ന മകൻ സാബിർ ഖാൻ ജിദ്ദയിലെത്തിയിട്ടുണ്ട്. മാതാവ്:സുബൈദ, ഭാര്യ: ബീവി ജഹാൻ കുട്ടികള്‍: സാബിർ ഖാൻ, സാബിറ, മിർസ.