സൗദി അറേബ്യയില്‍ ചിലയിടങ്ങളില്‍ മഴയും ആലിപ്പഴ വര്‍ഷവും തുടരുന്നു

റിയാദ്: സൗദിയില്‍ ഇപ്പോഴും ചില ഭാഗങ്ങളില്‍ മഴയും ആലിപ്പഴ വർഷവും തുടരുന്നു. ദക്ഷിണ ഭാഗമായ അസീർ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം വ്യാപകമായ മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടായി.അബഹ നഗരത്തിന് വടക്കുള്ള ബല്‍ഹാമർ, ബേഹാൻ, ബാലസ്മാർ എന്നീ പ്രദേശങ്ങളിലെ പർവതങ്ങളും കാർഷിക മേഖലയും ആലിപ്പഴ വീഴ്ച്ചയുടെ ഫലമായി വെളുത്ത കോട്ട് കൊണ്ട് മൂടിയ പ്രതീതിയുണ്ടായി. ഉയർന്ന പ്രദേശങ്ങളില്‍ മിക്കയിടത്തും സാമാന്യം കനത്ത മഴയാണ് പെയ്തത്. അസീർ മേഖലയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത ആലിപ്പഴവർഷത്തോടൊപ്പം കനത്ത മഴ തുടരുകയാണ്.

ഉഷ്ണമേഖലാ സംയോജന മേഖലയുടെ വ്യതിയാനവും മണ്‍സൂണ്‍ കാറ്റുകളുടെ വ്യാപനവും പ്രദേശത്തിൻ്റെ ഭൂപ്രകൃതിയുടെ കാഴ്ച്ചയെ തന്നെ വ്യത്യസ്ത മാക്കിയിരിക്കുകയാണ്. അസീറിലെ മലയോര പ്രദേശങ്ങളിലാണ് മഴക്കൊപ്പം ശക്തമായ തോതില്‍ ആലിപ്പഴ വീഴ്ച്ചയുണ്ടായത്. ഏതായാലും മഴയും ആലിപ്പഴവീഴ്ച്ചയും അതുവഴിയുണ്ടായ പ്രകൃതിയുടെ വർണാഭമായ കാഴ്ച്ചകളും തദ്ദേശവാസികള്‍ ആഘോഷമാക്കുകയാണ്. മരുഭൂമിയും ചെടികളും താഴ്വാരങ്ങളും വെള്ളയില്‍ കുളിരുമ്ബോള്‍ മഞ്ഞ് പൊതിഞ്ഞ ഗിരിമേഖലകളില്‍ പോയി ദൃശ്യങ്ങള്‍ ആസ്വാദിച്ചും ‘സെല്‍ഫി’ യെടുത്തും ഉല്ലസിച്ചും ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം തീർക്കുകയാണ്.

ആലിപ്പഴവർഷത്തിന്റേയും മഴമൂലം മരുഭൂമിയില്‍ രൂപപ്പെടുന്ന ജലാശയങ്ങളുടെയും മഴമൂലം ഉണ്ടായിത്തീർന്ന താല്‍കാലിക അരുവികളുടെയും പച്ചവിരിച്ച മനോഹരമായ താഴ്വരക്കാഴ്ചകളുടെയും ചാരുതയേറുന്ന ദൃശ്യങ്ങളും അറബ് യുവാക്കള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളിലും അസീർ മേഖലയിലെ ചില ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴവീഴ്ച്ചയും ശക്തമായ കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.