Fincat

കാളക്കുട്ടി കയര്‍ പൊട്ടിച്ചോടി കിണറ്റില്‍ വീണു; രക്ഷകരായി അഗ്നിരക്ഷാ സേന

തിരുവനന്തപുരം: കിണറ്റില്‍ വീണ കാളക്കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. വിളപ്പില്‍ശാല ചൊവ്വള്ളൂരിലെ സാം കുഞ്ഞിന്റെ രണ്ടു വയസ്സ് പ്രായമുള്ള കാളയാണു അയല്‍വാസിയുടെ കിണറ്റില്‍ വീണത്.കാളക്കുട്ടിയെ തിരക്കി നടന്നപ്പോഴാണ് കിണറ്റില്‍ കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.

കാട്ടാക്കട നിലയത്തില്‍ നിന്നും എത്തിയ സേനയില്‍ മഹേന്ദ്രൻ, മനോജ് മോഹൻ എന്നിവർ കിണറ്റില്‍ ഇറങ്ങുകയായിരുന്നു. വാട്ടർ സ്പ്രേ ഹോസ് വച്ച്‌ കെട്ടി ആണ് കാളക്കുട്ടിയെ പുറത്ത് എത്തിച്ചത്. കിണറിൻ്റെ ഒരുഭാഗം ജെസിബി ഉപയോഗിച്ച്‌ മണ്ണ് ഇടിച്ചു മാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഞായറാഴ്ച രാവിലെ 7നാണ് തൊഴുത്തില്‍ കെട്ടിയിരുന്ന കാള കയർ പൊട്ടിച്ചോടി പൊക്കം കുറഞ്ഞ സംരക്ഷണ ഭിതിയുള്ള കിണറ്റില്‍ വീണത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ശരത് ചന്ദ്രകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദിപിൻ ജി എസ്, ഗോപന്‍ ജി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വിനോദ് ഡി ഹോം ഗാർഡ് വിനോദ് കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി.