ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാല്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി വീണ ജോര്‍ജ്.വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്ക് വഹിക്കാനാകും. പൊതുജന പങ്കാളിത്തത്തോടെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വ്യക്തികള്‍ക്ക് സ്വന്തം നിലയിലും സമൂഹത്തിനും ഡെങ്കിപ്പനി പകരുന്നത് തടയുന്നതില്‍ പ്രധാന പങ്കുവഹിക്കാനാകും.

വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അല്‍പം പോലും വെള്ളം കെട്ടി നിര്‍ത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം. ഡെങ്കിപ്പനി വന്നവരും അല്ലാത്തവരും ഒരുപോലെ മുന്‍കരുതലുകളെടുക്കണം. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രി അറിയിച്ചു.

മേയ് 16 നാണ് ഈ വര്‍ഷത്തെ ദേശീയ ഡെങ്കിപ്പനി ദിനം. ‘സാമൂഹ്യ പങ്കാളിത്തതോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ദേശീയ ഡെങ്കിപ്പനി ദിനാചരണ സന്ദേശം. ഡെങ്കിപ്പനി പ്രതിരോധത്തിലും നിയന്ത്രണത്തിലും സമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനാകും. സംസ്ഥാനതല ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങളുടെയും മറ്റ് പകര്‍ച്ചവ്യാധികളുടെയും പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ യോഗം സംഘടിപ്പിക്കുന്നു. മഴക്കാല രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും വിവിധ വകുപ്പുകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമായതിനാലാണ് ഇത്തരമൊരു യോഗം സംഘടിപ്പിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനമാണ് കൊതുകുജന്യ രോഗമായ ഡെങ്കിപ്പനി ഇപ്പോഴും വിട്ടുമാറാത്തതിന്റെ പ്രധാന കാരണം. ഈഡിസ് ഈജിപ്റ്റി എന്നയിനം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്.

പ്രതിരോധ നടപടികള്‍

കൊതുകിന്റെ സഹായമില്ലാതെ രോഗമുള്ളവരില്‍ നിന്നും ഡെങ്കിപ്പനി നേരിട്ട് പകരുന്നില്ല. അതിനാല്‍ തന്നെ ഡെങ്കിപ്പനിയ്‌ക്കെതിരായ പ്രതിരോധ നടപടികള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. വീടും സ്ഥാപനങ്ങളും പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക. വെള്ളം സൂക്ഷിക്കുന്ന സംഭരണികള്‍ എല്ലാം തന്നെ അടച്ചുവയ്ക്കണം. വീടിനു ചുറ്റുമുള്ള ചിരട്ട, ടിന്‍ തുടങ്ങിയ സാധനങ്ങളും വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടണം.

ആക്രി സാധനങ്ങള്‍ മൂടി വയ്ക്കുക. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലയ്ക്കുള്ളില്‍ മാത്രം കിടത്തുവാന്‍ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളെ നിര്‍ബന്ധമായും കൊതുകുവലയ്ക്കുള്ളില്‍ തന്നെ കിടത്തണം. തുറസായ സ്ഥലങ്ങളില്‍ കിടന്നുറങ്ങാതിരിക്കുക. കൊതുക് കടിയില്‍ നിന്നും രക്ഷനേടാന്‍ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക.

കൊതുകു തിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍ എന്നിവയെല്ലാം കൊതുക് കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും. കൊതുകുകള്‍ ഏറ്റവും അധികം വ്യാപരിക്കുന്ന രാവിലെയും വൈകുന്നേരവുമുള്ള സമയത്ത് വിടിന് ഉള്‍ഭാഗം പുകച്ചതിനുശേഷം ജനലും വാതിലും അടച്ചിടുന്നത് കൊതുക് ശല്യം കുറക്കാന്‍ ഉപകരിക്കും.