ബൈക്കിടിച്ച്‌ വീണ വയോധികനെ മറ്റൊരു ബൈക്കിടിച്ചു; ചികിത്സക്കിടെ മരിച്ചു

ചങ്ങരംകുളം: ബൈക്കിടിച്ച്‌ റോഡില്‍ വീണതിനു പിന്നാലെ മറ്റൊരു ബൈക്കിടിച്ച്‌ ഗുരുതരപരിക്കേറ്റ കാല്‍നടയാത്രികനായ വയോധികൻ ചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങി.കോക്കൂർ സിഎച്ച്‌ നഗറില്‍ ബൈക്ക് ഇടിച്ച്‌ പരിക്കേറ്റ കോക്കൂർ സി.എച്ച്‌ നഗറില്‍ താമസിക്കുന്ന കുന്നത്ത് ഇബ്രാഹിം കുട്ടി(61)യാണ് മരിച്ചത്. കോക്കൂർ ഹൈസ്കൂളിനടുത്ത് ചായക്കട നടത്തി വരികയായിരുന്നു.

സി.എച്ച്‌ നഗറില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. വീട്ടിലേക്ക് നടന്നു വരികയായിരുന്ന ഇബ്രാഹിംകുട്ടി ബൈക്ക് തട്ടി റോഡില്‍ വീഴുകയായിരുന്നു. പിറകെ വന്ന മറ്റൊരു ബൈക്കും ഇടിച്ചതോടെ കാലിനും തലക്കും ഗുരുതര പരിക്കേറ്റു. നാട്ടുകാർ ചേർന്ന് പെരുമ്ബിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്ന ഇബ്രാഹിംകുട്ടി ശനിയാഴ്ച കാലത്താണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.