ഭൂമിയേക്കാള്‍ ചെറുത്, ജീവൻ നിലനില്‍ക്കാൻ സാധ്യതയുള്ള മറ്റൊരു ഗ്രഹം കണ്ടെത്തി ശാസ്ത്രലോകം

വാഷിങ്ടണ്‍: ജീവൻ നിലനില്‍ക്കാൻ സാധ്യതയുള്ള മറ്റൊരു ഗ്രഹം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. 40 പ്രകാശവർഷം അകലെ മീനരാശിയില്‍ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 12 ബി എന്ന ഗ്രഹം വാസയോഗ്യമാകാമെന്നാണ് നിഗമനം.റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ പ്രതിമാസ പ്രസിദ്ധീകരണത്തിലാണ് കണ്ടെത്തലിനെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. ഗ്ലീസ് 12 ബി ഭൂമിയേക്കാള്‍ അല്‍പം ചെറുതും ശുക്രനുമായി സാമ്യമുള്ളതുമാണ്. ഉപരിതല താപനില 107 ഡിഗ്രി ഫാരൻഹീറ്റ് (42 ഡിഗ്രി സെല്‍ഷ്യസ്) ആയതിനാല്‍ ജലം ദ്രാവകരൂപത്തില്‍ നിലനില്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഭൂമിയുടെ ശരാശരി താപനിലയേക്കാള്‍ കൂടുതലാണെങ്കിലും മറ്റ് പല എക്സോപ്ലാനറ്റുകളേക്കാളും വളരെ കുറവാണെന്നതാണ് പ്രധാന ഘടകം.

ഗ്ലീസ് 12 ബിയില്‍ അന്തരീക്ഷമുണ്ടോ എന്നതാണ് പ്രധാന ആശങ്ക. ഭൂമിക്ക് സമാനമായ അന്തരീക്ഷം ഉണ്ടായിരിക്കാമെന്നതാണ് നിഗമനം. അങ്ങനെയെങ്കില്‍ ജീവൻ നിലനില്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു. അതേസമയം, ശുക്രനെപ്പോലെ ചുട്ടുപൊള്ളുന്ന അന്തരീക്ഷം ഉണ്ടായിരിക്കാമെന്നും അന്തരീക്ഷമില്ലായിരിക്കാമെന്നും അഭിപ്രായമുയരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗ്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ എന്നിവിടങ്ങളില്‍ ഡോക്ടറല്‍ വിദ്യാർത്ഥിനിയായ ലാറിസ പലേതോർപ്പും ശിശിർ ധോലാകിയയുമാണ് ഗ്രഹം കണ്ടെത്തിയത്.

ഗ്ലീസ് 12 ബിയുടെ മാതൃ നക്ഷത്രം സൂര്യൻ്റെ വലിപ്പത്തിൻ്റെ 27 ശതമാനവും 60 ശതമാനം താപനിലയുമുള്ളത്. നക്ഷത്രവും ഗ്രഹവും തമ്മിലുള്ള ദൂരം ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിൻ്റെ 7 ശതമാനം മാത്രമാണ്. അതുകൊണ്ടു തന്നെ നക്ഷത്രത്തില്‍ നിന്ന്, ഭൂമിക്ക് സൂര്യനില്‍ നിന്ന് ലഭിക്കുന്നതിൻ്റെ 1.6 മടങ്ങ് കൂടുതല്‍ ഊർജം ലഭിക്കുന്നു. ഗ്രഹത്തില്‍ ഏത് തരത്തിലുള്ള അന്തരീക്ഷം ഉണ്ടെന്ന് മനസ്സിലാക്കുക എന്നതാണ് ലക്ഷ്യമെന്നും ഭൂമിക്കും ശുക്രനും സൂര്യനില്‍ നിന്ന് ലഭിക്കുന്ന പ്രകാശത്തിൻ്റെ അളവിന് ഇടയില്‍ ഗ്ലീസ് 12 ബിക്ക് ലഭിക്കുന്നതിനാല്‍, ഇവ തമ്മിലുള്ള വിടവ് നികത്തുന്നതിന് കണ്ടെത്തല്‍ പ്രധാനമാണെന്നും ശിശിർ ധോലാകിയ പറഞ്ഞു.