കനോലി കനാലില്‍ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങി; അഞ്ചര ലക്ഷം രൂപയുടെ നഷ്ടം

തൃശൂര്‍: തൃശൂരിലെ മതിലകം തൃപ്പേക്കുളത്ത് കനോലി കനാലില്‍ കൂടുകെട്ടി കൃഷി ചെയ്തിരുന്ന മത്സ്യങ്ങള്‍ ചത്തുപൊങ്ങി.ഫിഷറീസ് വകുപ്പിന്‍റെ പ്രധാനമന്ത്രി മത്സ്യ സമ്ബദ് യോജന പദ്ധതി പ്രകാരം സ്ഥാപിച്ച മത്സ്യ കൂടു കൃഷിയിലെ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ഇന്ന് രാവിലെയാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. മതിലകം സ്വദേശി ഖദീജാബി മാഹിൻ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ മത്സ്യകൃഷിയാണ് നശിച്ചത്.

അഞ്ചര ലക്ഷം രൂപ ചെലവാക്കിയിരുന്നുവെന്നും എല്ലാം നഷ്ടത്തിലായെന്നും വീട്ടുകാര്‍ പറഞ്ഞു. രണ്ടായിരം കളാഞ്ചി, ആയിരം കരിമീൻ കുഞ്ഞുങ്ങളെയുമാണ് പുഴയില്‍ കൂടുകെട്ടി വളർത്തിയിരുന്നത്. ഇവയില്‍ പകുതിയിലധികം ചത്തതായി വീട്ടുകാർ പറഞ്ഞു. കനത്ത മഴയില്‍ കനോലി കനാലില്‍ വെള്ളത്തിന്‍റെ കുത്തൊഴുക്ക് കൂടിയതും മാലിന്യം നിറഞ്ഞ വെള്ളം ഒഴുകിയെത്തിയതും മത്സ്യങ്ങള്‍ ചത്തുപൊന്താൻ കാരണമായെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തെതുടര്‍ന്ന് ഫിഷറീസ് പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.