സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തില്‍: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂള്‍ വിദ്യാർത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം അന്തിമ ഘട്ടത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.യൂണിഫോം വിതരണം ഉടൻ തന്നെ പൂർത്തിയാക്കും. ഇതിനുള്ള പ്രവർത്തനങ്ങള്‍ നടന്നുവരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ വിഭാഗത്തില്‍ ഒന്ന് മുതല്‍ നാലു വരെ ക്ളാസുകളുള്ള എല്‍ പി സ്കൂള്‍, ഒന്ന് മുതല്‍ അഞ്ച് വരെയുള്ള എല്‍ പി സ്കൂള്‍, ഒന്ന് മുതല്‍ ഏഴ് വരെയുള്ള യു പി സ്കൂള്‍, അഞ്ച് മുതല്‍ ഏഴ് വരെയുള്ള യു പി സ്കൂള്‍, ഒന്ന് മുതല്‍ നാലു വരെയുള്ള എയിഡഡ് എല്‍ പി സ്കൂള്‍ എന്നിവയിലെ വിദ്യാർത്തികള്‍ക്കാണ് കൈത്തറി യൂണിഫോം നല്‍കുന്നത്.

യൂണിഫോം അലവൻസ് നല്‍കുന്ന സ്കൂളുകള്‍

എസ് എസ് കെ മുഖേന – കൈത്തറി യൂണിഫോം നല്‍കാത്ത ഒന്നു മുതല്‍ 10 വരെ ക്ലാസുകള്‍ ഉള്ള ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ പരിധിയില്‍ വരുന്ന ആണ്‍കുട്ടികള്‍ക്കും എസ് സി, എസ് ടി വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും, അഞ്ചു മുതല്‍ 10 വരെ ക്ലാസുകളുള്ള ഹൈസ്കൂളിലെ അഞ്ചു മുതല്‍ 8 വരെ ക്ലാസുകളില്‍ ഉള്ള പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ പരിധിയില്‍ വരുന്ന ആണ്‍കുട്ടികള്‍ക്കും എസ് സി, എസ് ടി വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും, എട്ടു മുതല്‍ 10 വരെ ക്ലാസുകള്‍ ഉള്ള ഗവണ്‍മെന്റ് ഹൈസ്കൂളിലെ എട്ടാം ക്ലാസിലെ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ പരിധിയില്‍ വരുന്ന ആണ്‍കുട്ടികള്‍ക്കും എസ് സി, എസ് ടി വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും യൂണിഫോം അലവൻസ് ലഭിക്കും.

ഡി ജി ഇ മുഖേന കൈത്തറി യൂണിഫോം നല്‍കാത്ത സർക്കാർ സ്കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും, ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകള്‍ ഉള്ള എയ്ഡഡ് എല്‍ പി യിലെ എല്ലാ കുട്ടികള്‍ക്കും, അഞ്ചു മുതല്‍ ഏഴ് വരെ ക്ലാസുകള്‍ ഉള്ള എയിഡഡ് യുപിയിലെ എല്ലാ കുട്ടികള്‍ക്കും, ഒന്നു മുതല്‍ 10 വരെ ക്ലാസുകള്‍ ഉള്ള എയ്ഡഡ് ഹൈസ്കൂളിലെ ഒന്നു മുതല്‍ 8 വരെയുള്ള എല്ലാ കുട്ടികള്‍ക്കും, അഞ്ചു മുതല്‍ 10 വരെ ക്ലാസുകള്‍ ഉള്ള എയ്ഡഡ് ഹൈസ്കൂളിലെ അഞ്ചു മുതല്‍ 8 വരെയുള്ള എല്ലാ കുട്ടികള്‍ക്കും, എട്ടു മുതല്‍ 10 വരെ ക്ലാസുകള്‍ ഉള്ള എയ്ഡഡ് ഹൈസ്കൂളിലെ എട്ടാം ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും യൂണിഫോം അലവൻസ് ലഭിക്കും.

കൈത്തറി യൂണിഫോം ചെലവ് പൂർണമായും സംസ്ഥാന സർക്കാർ വിഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര ഫണ്ട് ചെലവഴിക്കേണ്ട സർക്കാർ സ്‌കൂളുകളില്‍ കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നതിനാല്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആയ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ തുക (കുട്ടി ഒന്നിന് 600 രൂപ ക്രമത്തില്‍) എസ് എസ് കെ തിരികെ നല്‍കി വരുന്നുണ്ട്. 2017 – 18 അധ്യയന വർഷം മുതലാണ് കൈത്തറി യൂണിഫോം പദ്ധതി നിലവില്‍ വരുന്നത്.