‘തെരുവ് നായ ആക്രമിച്ചെന്ന് പറഞ്ഞിട്ടും കുത്തിവെയ്പ്പ് എടുത്തില്ല’, കുട്ടിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റ 8 വയസുകാരൻ മരിച്ചതില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാര്‍ക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച്‌ കുടുംബം.തെരുവ് നായ ആക്രമിച്ചെന്ന് അറിയിച്ചിട്ടും പേ വിഷബാധക്ക് കുത്തിവെയ്പ്പ് എടുക്കാൻ ഡോക്ടർമാർ തയ്യാറാകാത്തതാണ് ദേവനാരായണന്‍റെ മരണത്തിനിടയാക്കിയതെന്ന് കുടുംബം പറയുന്നു.നാല് ദിവസം മുമ്ബ് ദേവനാരായണന്ന ശ്വാസ തടസവും ശാരീരിക അസ്വസ്ഥതകളും നേരിട്ടു. തട്ടാരമ്ബലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇവിടെവെച്ച്‌ പേവിഷബാധ സ്ഥിരീകരിച്ചു. രോഗം മൂർച്ഛിച്ചു. ഇന്നലെ രാവിലെ 11.45 ഓടെ മരിക്കുകയായിരുന്നു.

ചികിത്സാ പിഴവെന്ന ആരോപണം ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ നിഷേധിച്ചു.കുട്ടിയെ കൊണ്ടുവന്നത് വീണ് പരിക്കേറ്റു എന്ന നിലയിലാണ്.നായയുടെ കാര്യം ബന്ധുക്കള്‍ പറഞ്ഞിട്ടില്ലെന്നും മെഡിക്കല്‍ രേഖകളില്‍ ഇത് വ്യക്തമാണെന്നും ഡോ. സുനില്‍ പറഞ്ഞു.