ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച്‌ ഇസ്രയേല്‍, സൈനിക നടപടിക്കിടെ നിരവധിപ്പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ഗാസ: ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ച്‌ ഇസ്രയേല്‍ സൈന്യം. മധ്യ ഗാസയില്‍ നടത്തിയ റെയ്ഡിലാണ് ഒക്ടോബറില്‍ പിടിയിലായ നാല് പേരെ മോചിപ്പിച്ചത്.ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് ഇസ്രയേല്‍ സൈന്യം വിശദമാക്കി. അതേസമയം സൈനിക നടപടിക്കിടെ പ്രദേശത്ത് 50ലധികം പേർ കൊല്ലപ്പെട്ടെന്ന് പലസ്തീൻ. ശനിയാഴ്ച നടന്ന സൈനിക റെയ്ഡില്‍ 22 മുതല്‍ 41 വരെ പ്രായമുള്ള നാല് പേരെയാണ് രക്ഷിച്ചത്. വ്യോമാക്രമത്തിന് പിന്നാലെയാണ് ഇരച്ചെത്തിയ സൈന്യം നസ്റത്ത് മേഖലയില്‍ നിന്നാണ് ബന്ദികളെ മോചിപ്പിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.

ഗാസയിലെ രണ്ട് ആശുപത്രികളിലായി 70തിലേറെ മൃതദേഹങ്ങള്‍ എത്തിയെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. അതേസമയം 210ലേറെ പേർ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് വിശദമാക്കുന്നത്. ബോംബ് ആക്രമണത്തില്‍ തകർന്ന് കിടക്കുന്ന കെട്ടിടങ്ങളുടെ ചിത്രങ്ങടക്കം ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേല്‍ സേനയെ ബെഞ്ചമിൻ നെതന്യാഹു പ്രശംസിച്ചു.

കഴിഞ്ഞ വർഷം കുട്ടികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്ന കുറ്റവാളികളുടെ പട്ടികയില്‍ ഇസ്രായേല്‍ സൈന്യത്തെ ചേർത്തതായി യുഎൻ. വിശദമാക്കിയിരുന്നു. യുഎന്നിലെ ഇസ്രയേല്‍ സ്ഥിരം പ്രതിനിധിയായ ഗിലാഡ് മെനാഷെ എർദാൻ തീരുമാനം തന്നെ അറിയിച്ചതായി വെള്ളിയാഴ്ച പ്രതികരിച്ചത്. തീരുമാനം ലജ്ജാവഹമാണെന്നാണ് ഗിലാഡ് മെനാഷെ എർദാൻ പ്രതികരിച്ചത്. യുഎന്നുമായുള്ള ഇസ്രയേലിന്റെ തുടർന്നുള്ള ബന്ധങ്ങളെ തീരുമാനം ബാധിക്കുമെന്നാണ് വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് വെള്ളിയാഴ്ച വിശദമാക്കിയത്.