എഐ ക്യാമറ പദ്ധതി; കെല്‍ട്രോണിന് 2 ഗഡു നല്‍കാൻ ഹൈക്കോടതി അനുമതി, പണം വിനയോഗിക്കരുതെന്ന് നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത്എഐ ക്യാമറകള്‍ സ്ഥാപിച്ച ഇനത്തില്‍ കെല്‍ട്രോണിന് രണ്ട് ഗഡു നല്‍കാൻ ഹൈക്കോടതി അനുമതി. പണം നല്‍കിയാലും വിനയോഗിക്കരുതെന്നും കോടതി നിർദേശം നല്‍കി.എഐ ക്യാമറ പദ്ധതികളില്‍ അഴിമതിയാരോപിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. കെല്‍ട്രോണിന് ആദ്യ രണ്ട് ഗഡുക്കളുടെ തുക നേരത്തെ നല്‍കിയിരുന്നു. മൂന്നും നാലും ഗഡു അനുവദിക്കാനാണ് കോടതി ഇപ്പോള്‍ നിർദേശം നല്‍കിയിക്കുന്നത്. കെല്‍ട്രോണിന് തുക കൈമാറുന്നത് കോടതി നേരത്തെ വിലക്കിയിരുന്നു.

ജൂണ്‍ അഞ്ച് മുതലാണ് എ-ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത്. മൂന്ന് മാസത്തിലൊരിക്കല്‍ ക്യാമറ സ്ഥാപിക്കാൻ കെല്‍ട്രോണ്‍ ചെലവാക്കിയ പണം ഗഡുക്കളായി നല്‍കാനായിരുന്നു ധാരണ പത്രം. പദ്ധതിയില്‍ അഴിമതി ആരോപണം ഉയർന്നതോടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ ഹൈക്കോടതിയിലെത്തി. മാത്രമല്ല ആദ്യ ധാരണ പത്രത്തിലെ പിശകുകള്‍ പരിഹരിച്ച്‌ അനുബന്ധ ധാരണ പത്രം ഒപ്പുവച്ചശേഷം പണം നല്‍കണമെന്നായിരുന്നു മന്ത്രിസഭയുടെ തീരുമാനം.

ആദ്യ ഗഡു കെല്‍ട്രോണിന് കൈമാറാൻ ഹൈക്കോടതി സർക്കാരിന് അനുമതി നല്‍കിയിരുന്നു. പക്ഷേ ക്യാമറ സ്ഥാപിച്ച്‌ ആറുമാസം കഴിഞ്ഞിട്ടും ആദ്യ ഗഡു കെല്‍ട്രോണിന് നല്‍കിയിരുന്നില്ല. 726 ക്യാമറയുടെ പദ്ധതിയില്‍ 692 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അതിനാല്‍ പിഴത്തുക തുക കുറച്ച്‌ 9.39 കോടി നല്‍കിയാല്‍ മതിയെന്നും ഗതാഗത കമ്മീഷണർ സർക്കാരിനെ അറിയിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരം ആദ്യ ഗഡുവായ 9.39 കോടി കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് നല്‍കിയത്.