ബലിപെരുന്നാള്‍; ഖത്തറില്‍ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച്‌ അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 ഞായറാഴ്ച മുതല്‍ ജൂണ്‍ 20 വ്യാഴാഴ്ച വരെയാണ് അവധി നല്‍കിയിരിക്കുന്നത്.ജീവനക്കാര്‍ക്ക് ജൂണ്‍ 23 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും.

യുഎഇയില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചിരുന്നു. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വാഴ്ച വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 19 ബുധനാഴ്ചയാണ് അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കുക. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി ദിവസങ്ങളാണ് ലഭിക്കുക. ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആണ് പൊതു മേഖലാ ജീവനക്കാരുടെ അവധി ദിവസങ്ങള്‍ അറിയിച്ചത്. ഒമാൻ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഈ മാസം 16നാണ് ബലിപെരുന്നാള്‍. ഒമാനിലും കേരളത്തിലും 17നാണ് ബലിപെരുന്നാള്‍.

അതേസമയം ബലിപെരുന്നാള്‍ പ്രമാണിച്ച്‌ ദുബൈയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്ബളം നേരത്തെ നല്‍കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കിയത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജൂണിലെ ശമ്ബളം ഈ മാസം 13ന് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. റമദാനിലും സർക്കാർ ജീവനക്കാർക്ക് നേരത്തെ ശമ്ബളം നല്‍കിയിരുന്നു.