സര്‍വകലാശാലകളില്‍ വര്‍ഷത്തില്‍ രണ്ടുതവണ പ്രവേശനം അനുവദിക്കുമെന്ന് യു.ജി.സി

ന്യൂഡല്‍ഹി: വിദേശ സർവകലാശാലകളിലേതു പോലെ ഇന്ത്യൻ സർവകലാശാലകളിലും വർഷത്തില്‍ രണ്ടുതവണ പ്രവേശനം അനുവദിക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷൻ (യു.ജി.സി) മേധാവി ജഗദേഷ് കുമാർ.മെയ് അഞ്ചിന് നടന്ന യു.ജി.സി യോഗത്തിലാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

2024-25 മുതല്‍, സർവകലാശാലകളില്‍ നിലവില്‍ പ്രവേശനം അനുവദിക്കുന്ന ജൂലൈ- ആഗസ്റ്റ് മാസങ്ങള്‍ക്കൊപ്പം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ കൂടി പ്രവേശനം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഇന്ത്യൻ സർവകലാശാലകള്‍ക്ക് വർഷത്തില്‍ രണ്ടുതവണ പ്രവേശനം നല്‍കാൻ കഴിയുമെങ്കില്‍, ബോർഡ് ഫല പ്രഖ്യാപനത്തിലെ കാലതാമസം, ആരോഗ്യപ്രശ്നങ്ങള്‍, അല്ലെങ്കില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ജൂലായ്/ആഗസ്റ്റ് സെഷനില്‍ സർവകലാശാലയിലേക്കുള്ള പ്രവേശനം നഷ്‌ടമായ നിരവധി വിദ്യാർഥികള്‍ക്ക് ഗുണം ചെയ്യും” -ജഗദേഷ് കുമാർ പറഞ്ഞു.

ഇതിലൂടെ വർഷത്തില്‍ രണ്ടുതവണ കാമ്ബസ് റിക്രൂട്ട്‌മെന്‍റ് നടത്താനും തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്താനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകളില്‍ വർഷത്തില്‍ രണ്ട് തവണ പ്രവേശനം നല്‍കുന്നത് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്ബ്രദായത്തെ ആഗോള വിദ്യാഭ്യാസ നിലവാരത്തിന് ഒപ്പം എത്തിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.