വൻ തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനി ജീവനക്കാര്‍ താമസിച്ച ഫ്ലാറ്റില്‍; നാലുപേര്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്ബിലുണ്ടായ വന്‍ തീപിടിത്തത്തില്‍ നാലുപേര്‍ മരിച്ചതായും 39 പേര്‍ക്ക് പരിക്കേറ്റതായും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ‘കുവൈത്ത് ന്യൂസ് ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്തു.നിരവധി പേര്‍ക്ക് പരിക്കേറ്റത് പുക ശ്വസിച്ചും പൊള്ളലേറ്റുമാണ്. മാംഗെഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്ബനിയുടെ നാലാം നമ്ബർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്.
പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേർ ആശുപത്രികളില്‍ ചികിത്സകളിലാണ്. തീ ഉയർന്നതോടെ പലരും ജനല്‍ വഴിയും മറ്റും രക്ഷപ്പെടാൻ ശ്രമിച്ചു. ഇങ്ങനെയും ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. മരണ സംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. പ്രവാസി മലയാളി വ്യവസായിയുടെ കീഴിലുള്ള സ്ഥാപനത്തില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയ ഫയർ ഫോഴ്സ് കെട്ടിടത്തിനകത്ത് കയറി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്.