ജമ്മുകശ്മീരില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു ജവാന് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വവയിലും ദോഡയിലും സുരക്ഷസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ദോഡയിലെ ഏറ്റുമുട്ടലില്‍ ഒരു ജവാൻ വീരമൃത്യു വരിച്ചു.സ്ഥിതിഗതികള്‍ വിലയിരുത്താൻ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങ് ജമ്മുവില്‍ എത്തും. കഴിഞ്ഞ പത്തു മണിക്കൂറിലേറെയായി ജമ്മു മേഖലയിലെ രണ്ടിടങ്ങളില്‍ ഏറ്റുമുട്ടുല്‍ തുടരുകയാണ്. കത്വയിലെ ഹിരാ നഗർ സെക്ടറിലെ സൈദ സുഖാല്‍ ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് ഭീകരർ ഗ്രാമീണർക്ക് നേരെ വെടിവച്ചത്.
രണ്ട് ഗ്രാമീണർക്ക് പരിക്കേറ്റു. തുടർന്ന് നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഇയാളില്‍ നിന്നും ആയുധങ്ങളും ഒരു ലക്ഷം രൂപയും പിടികൂടി. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സിആർപിഎഫ് ജവാൻ ആണ് വീരമൃത്യു വരിച്ചത്. ഇവിടെ ആക്രമണം നടത്തിയ രണ്ടാമത്തെ ഭീകരനായി തെരച്ചില്‍ തുടരുകയാണ്. അതേസമയം പുലർച്ചയോടെയാണ് ദോഡയില്‍ ഏറ്റുമുട്ടുല്‍ തുടങ്ങിയത്.
ഏറ്റുമുട്ടലില്‍ അഞ്ച് സൈനികർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. സൈനിക നടപടി തുടരുന്ന സാഹചര്യത്തില്‍ പത്താൻകോട്ട ഹൈവേ പൂർണ്ണമായി അടച്ചു. ഇതിനിടെ റിയാസില്‍ ഭീകരാക്രമണം നടത്തിയ ഒരു ഭീകരന്റെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പരിക്കേറ്റവർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖചിത്രം തയ്യാറാക്കിയത്. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.