തൃശൂർ -കുറ്റിപ്പുറം റോഡ് ഉടൻ സഞ്ചാരയോഗ്യമാക്കും :മന്ത്രി മുഹമ്മദ് റിയാസ്
തൃശൂർ: തൃശൂര്‍ -കുറ്റിപ്പുറം റോഡ് ഉടന്‍ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഈ റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.സി.മൊയ്തീന്‍ എം.എല്‍.എ. നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33.23 കി.മീ ദൈര്‍ഘ്യമുള്ള തൃശൂര്‍കുറ്റിപ്പുറം സ്റ്റേറ്റ് ഹൈവേ വികസിപ്പിക്കുന്നതിന് 316.82 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 2021 സെപ്റ്റംബര്‍ ഒമ്ബതിന് പ്രവൃത്തി ആരംഭിച്ചെങ്കിലും പദ്ധതി പൂര്‍ത്തീകരിക്കാനോ വര്‍ക്ക് ഷെഡ്യൂള്‍ അനുസരിച്ച് പുരോഗതി ഉണ്ടാക്കാനോ കരാറുകാര്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് മേയ്മാസത്തില്‍ കരാര്‍ കമ്ബിനിയെ ടെര്‍മിനേറ്റ് ചെയ്തു.
പദ്ധതി റീടെണ്ടര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ആയതിന് കാലതാമസം നേരിടുമെന്നതിനാല്‍ ഈ കാലയളവില്‍ റോഡ് ഗതാഗതാ യോഗ്യമാക്കി നിലനിര്‍ത്തണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രവൃത്തി വേഗത്തിലാക്കാനുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി 29 ലക്ഷം രൂപയുടെ പ്രീ മണ്‍സൂണ്‍ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുകയും സാങ്കേതികാനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. റോഡിന്റെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേകയോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.