ആമസോണ്‍ ഗോത്രങ്ങളിലേക്ക് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന്റെ വരവും തുടര്‍ന്നുള്ള പ്രശ്നങ്ങളും
ഇന്റർനെറ്റിന്റെ ലോകത്താണ് നാമെല്ലാം ജീവിക്കുന്നത്. ലോകജനങ്ങള്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ജീവിതം. എന്നാല്‍ ഇന്റർനെറ്റ് ശൃംഖലയില്‍ നിന്ന് വേറിട്ട് നിന്നിരുന്ന ചില സമൂഹങ്ങള്‍ ഉണ്ട്.
പരമ്ബരാഗത ഇന്റർനെറ്റ് സേവനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത ഭൂപ്രദേശങ്ങളില്‍ ജീവിച്ചിരുന്നവരാണവർ. അതില്‍ ഒന്നായിരുന്നു ആമസോണ്‍ വനാന്തരങ്ങളിലെ ഗോത്രങ്ങളും. ഇലോണ്‍ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം എത്തിയതോടെ ഈ ഗോത്രവിഭാഗങ്ങളും ആഗോള ജനസമൂഹവുമായി ബന്ധിപ്പിക്കപ്പെട്ടു. 2022 ലാണ് ബ്രസീലില്‍ സ്റ്റാർലിങ്ക് എത്തിയത്. ഇതുവഴി അതിവേഗ ഇന്റർനെറ്റ് സൗകര്യം ഇവിടെ ലഭ്യമായത്.
ഇന്റർനെറ്റിന്റെ അപകടങ്ങളെ ആഗോള സമൂഹം വർഷങ്ങളായി നേരിട്ടുവരുന്നുണ്ട്. അക്കാരണത്താല്‍ തന്നെ ഇന്റർനെറ്റിന്റെ വരുംവരായ്കകളെ കുറിച്ച് ഒരു സാമാന്യ ധാരണ അവർക്കുണ്ട്. എന്നാല്‍ സാധാരണ ജീവിത രീതികള്‍ക്കിടയിലേക്കുള്ള ഇന്റർനെറ്റിന്റെ വരവ് ആമസോണ്‍ ഗോത്ര സമൂഹങ്ങളെ വിപരീതമായി ബാധിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ന്യൂയോർക്ക് ടൈംസ് ജേണലിസ്റ്റായ ജാക്ക് നിക്കാസും ഫോട്ടോഗ്രാഫർ വിക്ടർ മോറിയാമയുമാണ് ഗോത്രങ്ങളുടെ പരമ്ബരാഗത സംസ്കാരത്തിലേക്ക് ഇന്റർനെറ്റിന്റെ വരവുണ്ടാക്കിയ പ്രശ്നങ്ങള്‍ പുറത്തുകൊണ്ടുവന്നത്. 80 കിലോമീറ്ററോളം ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ സഞ്ചരിച്ചാണ് ഇവർ ഗോത്രങ്ങളുമായി നേരിട്ട് സംവദിച്ചത്.
ഇന്റർനെറ്റിന്റെ വരവോടെ യുവാക്കള്‍ക്ക് പരമ്ബരാഗത ജീവിതരീതികളോട് താല്‍പര്യം കുറഞ്ഞുവെന്ന് ഗോത്രഗ്രാമങ്ങളിലെ മുതിർന്നവർ പറഞ്ഞു. അവർ മടിയന്മാരായെന്നും, വെള്ളക്കാരുടെ രീതികള്‍ പഠിച്ചുവരികയാണെന്നും അവരില്‍ ഒരാള്‍ പറയുന്നു.
തുടക്കത്തില്‍ ഇന്റർനെറ്റ് തങ്ങള്‍ക്കിടയില്‍ വലിയൊരു ഉപദ്രവമായി മാറിയെന്ന് മറുബോ ഗോത്രത്തിന്റെ നേതാവായ എനോഖ് മറുബോ പറഞ്ഞു. വേട്ടയാടിയും മത്സ്യബന്ധനം നടത്തിയും ജീവിച്ചവർ കൂടുതല്‍ സമയം ഇന്റർനെറ്റില്‍ ചിലവഴിക്കാൻ തുടങ്ങിയെന്നും അദ്ദേഹം ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ഇന്റർനെറ്റ് വേണമെന്ന് വാദിക്കുന്നവരില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം.
യുവാക്കള്‍ക്കിടയില്‍ പോണോഗ്രഫിക്ക് വലിയ പ്രാമുഖ്യം വന്നുവെന്ന് മറുബോ ഗ്രാമങ്ങളുടെ അസോസിയേഷൻ നേതാവായ ആല്‍ഫ്രെഡോ മറുബോ പറയുന്നു. ഇവിടുത്തെ ഗോത്ര സമൂഹങ്ങള്‍, പരസ്യമായ സ്നേഹപ്രകടനങ്ങളോട് താല്‍പര്യം കാണാക്കാത്തവരാണ്. എന്നാല്‍ ഇന്റർനെറ്റിന്റെ വരവോടെ യുവാക്കള്‍ പലരും പബ്ലിക്ക് ഗ്രൂപ്പുകളില്‍ പോലും അശ്ലീല വീഡിയോകള്‍ പങ്കുവെക്കുകയാണ്.
അതുപോലെ, ഫസ്റ്റ് പേഴ്സണ്‍ ഷൂട്ടിങ് ഗെയിമുകള്‍ എന്ന് വിളിക്കുന്ന വീഡിയോ ഗെയിമുകള്‍ സമൂഹത്തില്‍ അക്രമങ്ങളും കുറ്റകൃത്യങ്ങളും വർധിപ്പിച്ചേക്കുമെന്നും ഇവർ ഭയപ്പെടുന്നു. ഇന്റർനെറ്റ് എത്തിയതോടെ ഗ്രാമത്തിലുള്ളവരില്‍ ലോകം കാണാനും പുതിയ അവസരങ്ങള്‍ കണ്ടെത്താനുമുള്ള ആഗ്രഹവും ഉടലെടുത്തിട്ടുണ്ട്.
ഇന്റർനെറ്റിന് നിയന്ത്രണം വേണമെന്നാണ് ഇപ്പോള്‍ പലരുടേയും ആവശ്യം. രാവിലെ രണ്ട് മണിക്കൂർ നേരവും വൈകുന്നേരം അഞ്ച് മണിക്കൂർ നേരവും ഞായറാഴ്ചകളിലും മാത്രം ഇന്റർനെറ്റ് മതിയെന്ന നിർദേശവും ഇവർ മുന്നോട്ട് വെക്കുന്നു. ഇന്റർനെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട് ഗോത്രനേതാക്കൻമാർക്കിടയിലും തർക്കങ്ങള്‍ ഉണ്ടായി.
സ്റ്റാർലിങ്ക് വരുന്നതിന് മുമ്ബ് ഇവർക്കിടയില്‍ സെല്‍ഫോണുകള്‍ ഉണ്ടായിരുന്നുവെങ്കിലും നഗരങ്ങളില്‍ പോവുമ്ബോള്‍ വീട്ടുകാരുമായി സംസാരിക്കാനും ചിത്രങ്ങള്‍ എടുക്കാനും മാത്രമാണ് അത് ഉപയോഗിച്ചിരുന്നത്.
വളരെ സാധാരണ ജീവിതം നയിച്ചിരുന്നവർക്കിടിയലേക്ക് പെട്ടെന്ന് അതിവേഗ ഇന്റർനെറ്റ് എത്തിയപ്പോഴുള്ള പ്രശ്നങ്ങളാണിവയെല്ലാം. എങ്കിലും ഗോത്രങ്ങള്‍ക്ക് ഇന്റർനെറ്റ് വലിയ രീതിയില്‍ ഉപയോഗപ്പെടുകയും ചെയ്യുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളിലെ വിവരക്കൈമാറ്റം, പുതിയ ജോലി കണ്ടെത്തല്‍, ഗോത്ര ഗ്രാമങ്ങള്‍ തമ്മില്‍ പരസ്പര വിനിമയത്തിനുള്ള സൗകര്യം തുടങ്ങി ഒട്ടേറെ പ്രയോജനവും ഇതുവഴി ഗ്രാമങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇന്റർനെറ്റ് നിരോധിക്കണം എന്നൊരു ആവശ്യം ഇവർക്കിടയില്‍ നിന്നില്ല.