‘6 ദിവസം മീൻ വിറ്റ പണമാണ്, എല്ലാം പോയി’; ബത്തേരിയില്‍ വീട് കുത്തിത്തുറന്ന് മോഷണം, നഷ്ടമായത് 14.84 ലക്ഷം രൂപ

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താൻബത്തേരി നഗരത്തില്‍ വീട് കുത്തിതുറന്ന് മോഷണം.മൈസൂരു റോഡിലുള്ള സി.എം. ഫിഷറീസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ മലപ്പുറം സ്വദേശി കൂരിമണ്ണില്‍പുളിക്കാമത്ത് അബ്ദുള്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്.ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷത്തോളം രൂപ മോഷണം പോയി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുല്‍ത്താന്‍ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൈസൂര്‍ റോഡില്‍ ഗീതാഞ്ജലി പമ്ബിനെതിര്‍വശത്തെ വീട്ടില്‍ പുലർച്ചെ നാലിന് ശേഷമാണ് മോഷണം നടന്നതെന്ന് പറയുന്നു. കഴിഞ്ഞ ആറ് ദിവസം മീൻവിറ്റ വകയില്‍ ലഭിച്ച 14,84000 രൂപയാണ് നഷ്ടമായത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച മോഷ്ടാവ് കിടപ്പുമുറിയിലെ ഇരുമ്ബ് മേശയിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന തുകയാണ് അപഹരിച്ചത്. പുലര്‍ച്ചെ ഇവിടെ താമസിച്ചിരുന്ന ജീവനക്കാര്‍ മാർക്കറ്റില്‍ പോയ സമയത്താണ് മോഷണം നടന്നത്.

ജീവനക്കാരന്‍ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്ന നിലയില്‍ കണ്ടത്. പിന്നീട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നവിവരം അറിഞ്ഞത്. ഉടന്‍ സുല്‍ത്താന്‍ബത്തേരി പൊലീസില്‍ വിവരം അറിയിച്ചു. സംഭവത്തില്‍ അബ്ദുല്‍ അസീസിന്റെ മകന്റെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.