ഭൂമിയില്‍ ഛിന്നഗ്രഹം ഇടിക്കാൻ 72 ശതമാനം സാധ്യത; കൃത്യമായ വര്‍ഷവും ദിവസവും പ്രവചിച്ച്‌ നാസ

ഭൂമിയില്‍ ഛിന്നഗ്രഹം ഇടിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുമായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് നാസ ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്.ഛിന്നഗ്രഹം ഭൂമിയില്‍ ഇടിക്കാനുള്ള 72% സാധ്യതയുണ്ടെന്നും അത് തടയാൻ വേണ്ടത്ര തയ്യാറായേക്കില്ലെന്നും നാസ പറയുന്നു. നാസ ഏപ്രിലില്‍ അഞ്ചാമത് പ്ലാനറ്ററി ഡിഫൻസ് ഇൻ്ററാജൻസി ടാബ്‌ലെറ്റോപ്പ് സംഘടിപ്പിക്കുകയും ജൂണ്‍ 20-ന് മേരിലാൻഡിലെ ലോറലിലുള്ള ജോണ്‍സ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയില്‍ (എപിഎല്‍) ഫലം പുറത്തുവിടുകയും ചെയ്തു. നാസയെ കൂടാതെ, വിവിധ യുഎസ് സർക്കാർ ഏജൻസികളില്‍ നിന്നും അന്താരാഷ്ട്ര ഏജൻസികളില്‍ നിന്നുമുള്ള നൂറോളം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഭാവിയില്‍ കാര്യമായ ഛിന്നഗ്രഹ ഭീഷണികളൊന്നുമില്ലെങ്കിലും, ഛിന്നഗ്രഹ ഭീഷണിയോട് ഫലപ്രദമായി പ്രതികരിക്കാനുള്ള ഭൂമിയുടെ കഴിവ് വിലയിരുത്തി. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ എങ്ങനെ നേരിടുമെന്നും ഒരു വലിയ ഛിന്നഗ്രഹത്തിൻ്റെ ആഘാതം മനുഷ്യരാശിക്ക് വർഷങ്ങള്‍ക്ക് മുമ്ബേ പ്രവചിക്കാനും തടയാൻ നടപടിയെടുക്കാനുമുള്ള സാങ്കേതികവിദ്യയാണ് പരിശീലിച്ചതെന്നും നാസ ഹെഡ്ക്വാർട്ടേഴ്സിലെ പ്ലാനറ്ററി ഡിഫൻസ് ഓഫീസർ എമെരിറ്റസ് ലിൻഡ്ലി ജോണ്‍സണ്‍ പറഞ്ഞു. പ്രാരംഭ കണക്കുകൂട്ടലുകള്‍ അനുസരിച്ച്‌ ഭൂമിയില്‍ ഛിന്നഗ്രഹം ഇടിക്കാനുള്ള സാധ്യത 14 വർഷത്തിനിടെ ഏകദേശം 72 ശതമാനമാണെന്നും പറയുന്നു. കൃത്യമായി പറഞ്ഞാല്‍, 2038 ജൂലൈ 12-ന് ഭൂമിയില്‍ ഛിന്നഗ്രഹം കൂട്ടിയിടിക്കാനുള്ള സാധ്യത 72 ശതമാനമാണെന്നും പറയുന്നു.

എന്നിരുന്നാലും, ഛിന്നഗ്രഹത്തിൻ്റെ വലിപ്പം, ഘടന, ദീർഘകാല പാത എന്നിവ കൃത്യമായി നിർണ്ണയിക്കാൻ ഈ പ്രാഥമിക നിരീക്ഷണം പര്യാപ്തമല്ലെന്നും കൂടുതല്‍ പഠനം വേണമെന്നും നാസ കൂട്ടിച്ചേർത്തു. അപകടസാധ്യതയുള്ള ഛിന്നഗ്രഹത്തെ വിലയിരുത്താനും തിരിച്ചറിയാനും തടയാനും ഭൂമിക്ക് സമയമുണ്ടെന്ന് ഉറപ്പാക്കാൻ നാസ എൻഇഒ സർവേയർ (ഭൂമിക്ക് സമീപമുള്ള ഒബ്‌ജക്റ്റ് സർവേയർ) വികസിപ്പിക്കുകയാണെന്നും റിപ്പോർട്ടില്‍ പറയുന്നു. നാസയുടെ എൻഇഒ സർവേയർ 2028 ജൂണില്‍ വിക്ഷേപിക്കും.