മില്‍മയിലെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു; ജൂലൈ 15 മുതല്‍ പുതിയ സേവന വേതന വ്യവസ്ഥകള്‍ നടപ്പാക്കും

തിരുവനന്തപുരം: മില്‍മയിലെ തൊഴിലാളി യൂണിയനുകള്‍ ചൊവ്വാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു.തൊഴിലാളികളുടെ ദീർഘകാല കരാർ നടപ്പാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ചായിരുന്നു അനിശ്ചിതകാല പണിമുടക്ക് തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേർന്ന അനുരഞ്ജന യോഗത്തില്‍ ഒത്തുതീർപ്പായതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.

സർക്കാർ അംഗീകാരത്തിന് വിധേയമായി ജൂലൈ മാസം 15 -ാം തീയ്യതി മുതല്‍ ദീർഘകാല കരാർ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ മില്‍മയില്‍ നടപ്പാക്കുമെന്ന് ചർച്ചയില്‍ മാനേജ്മെന്റ് ഉറപ്പുനല്‍കി. ഇത് അംഗീകരിച്ചാണ് ജൂണ്‍ 25 മുതല്‍ പ്രഖ്യാപിച്ചിരുന്ന സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് പിൻവലിക്കാൻ യൂണിയനുകള്‍ സമ്മതിച്ചത്.

മില്‍മ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച്‌ കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാർക്കറ്റിങ് ഫെഡറേഷൻ മാനേജിങ് ഡയറക്ടർ ആസിഫ് കെ യൂസഫ്, ചെയർമാൻ കെ.എസ് മണി, റീജ്യണ‌ല്‍ കോഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ചെയർമാന്മാരായ ഡോ. മുരളി പി, കെ.സി ജെയിംസ്, വില്‍സണ്‍ ജെ.പി എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനധീകരിച്ച്‌ എ ബാബു, ശ്രീകുമാരൻ എം.എസ്, പി.കെ ബിജു (സി.ഐ.ടി.യു), ഭുവനചന്ദ്രൻ നായർ, എസ് സുരേഷ് കുമാർ (ഐ.എൻ.ടി.യു.സി), കെ.എല് മധുസൂദനൻ, എസ് സുരേഷ്കുമാർ (എ.ഐ.ടി.യു.സി) എന്നിവരും പങ്കെടുത്തു. യോഗത്തില്‍ തൊഴില്‍ വകുപ്പില്‍ നിന്ന് ലേബർ കമ്മീഷറെ കൂടാതെ അഡീഷണല്‍ ലേബർ കമ്മീഷണർ (ഇൻഡസ്ട്രിയല്‍ റിലേഷൻസ്) കെ ശ്രീലാല്‍, തൊഴില്‍ വകുപ്പ് ആസ്ഥാനത്തെ ഡെപ്യൂട്ടി ലേബ‍ർ കമ്മീഷണർ സിന്ധു കെ.എസ് എന്നിവരാണ് പങ്കെടുത്തത്.