കണ്ടാല്‍ സവാള ചാക്ക്, ആര്‍ക്കും സംശയം തോന്നില്ല! വഴിയില്‍ പ്ലാൻ പാളി, കയ്യോടെ പിടിവീണത് 1600 ലിറ്റര്‍ സ്‌പിരിറ്റിന്

തൃശൂർ: പട്ടിക്കാട് ദേശീയപാതയില്‍ 1600 ലിറ്റർ സ്‌പിരിറ്റ് പിടികൂടി. സവാള ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ചായിരുന്നു സ്‌പിരിറ്റ് കടത്ത്.പിക്കപ്പ് വാനിലും കാറിലുമായി എത്തിയ നാലംഗ സ്‌പിരിറ്റ് സംഘത്തെ എക്സൈസ് പിടികൂടി.തമിഴ്‌നാട്ടില്‍ വ്യാജമദ്യ ദുരന്തം ഉണ്ടായതിന് പിന്നാലെ അവിടെയുള്ള സ്പിരിറ്റ് വ്യാപകമായി കേരളത്തിലെത്താനിടയുണ്ടെന്ന് എക്സൈസിന് വിവരമുണ്ടായിരുന്നു. എക്സൈസ് കമ്മിഷണറുടെ മധ്യമേഖല സ്ക്വാഡ് അംഗം കൃഷ്പ്രസാദിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് എക്സൈസ് സംഘം മണ്ണൂത്തി ദേശീയ പാതയില്‍ വലവിരിച്ചത്.പിക്കപ്പ് വാനില്‍ സ്‌പിരിറ്റുമായി ഒരു സംഘം തമിഴ്‌നാട്ടില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ടെന്നും വിവരം ലഭിച്ചു.നേരത്തെ സ്‌പിരിറ്റ് കടത്തുകേസില്‍ അകപ്പെട്ട് ജാമ്യത്തിലിറങ്ങിയ പറവൂർ സ്വദേശി പ്രദീപിൻ്റെ നേതൃത്വത്തിലായിരുന്നു സ്പിരിറ്റുമായി വന്നുകൊണ്ടിരുന്നത്. സ്‌പിരിറ്റ് വാഹനം പട്ടിക്കാട് എത്തിയപ്പോള്‍ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.

പ്രദീപിനേയും കൂട്ടാളികളായ മൂന്നു യുവാക്കളേയും അറസ്‌റ്റ് ചെയ്‌തു. കഞ്ചാവ് കേസില്‍ പ്രതിയായ പറവൂർ സ്വദേശി ബിജു, യേശുദാസ്, പ്രദീപ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍. ലിറ്ററിന് എഴുപത് രൂപയ്ക്ക് ഗോവയില്‍ ലഭിക്കുന്ന സ്പിരിറ്റ് പെയിന്റ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുവെന്ന വ്യാജേന തമിഴ് നാട്ടിലെത്തിക്കും. അവിടെ നിന്ന് കേരളത്തിലേക്ക് കടത്തുകയാണ് പതിവ്. തെക്കന്‍ ജില്ലകളിലെ വ്യാജ മദ്യ നിര്‍മാണത്തിനായാണ് സ്പിരിറ്റ് കൊണ്ടുപോകുന്നതെന്നാണ് എക്സൈസിന് ലഭിച്ച വിവരം.