മുംബൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രണ്ട് വർഷത്തിനിടെ രണ്ട് തവണ ‘മരിച്ച്’ യുവതി. മുംബൈ ഭയന്ദറിലെ ഇൻഷുറൻസ് തട്ടിപ്പിലാണ് കാഞ്ചൻ റായി എന്ന സ്ത്രീ കുടുങ്ങിയത്.പണം തട്ടിയെടുക്കാൻ ഇവരുടെ ആദ്യത്തെ മരണം 2021 ഒക്‌ടോബർ 11 ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹൃദയസ്തംഭനം കാരണമാണ് മരണമെന്ന് കാണിച്ച് കാഞ്ചൻ്റെ മകൻ ധനരാജ് (30) ആവശ്യമായ രേഖകള്‍ സമർപ്പിച്ചു. വിശദമായ പരിശോധനക്ക് ശേഷം ഇൻഷുറൻസ് കമ്ബനി അദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് 20.4 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു. അതുപോലെ, മറ്റൊരു ഇൻഷുറൻസ് കമ്ബനിയില്‍ നിന്നും നോമിനിയായ ധനരാജിന് ‘മരണ’ത്തിന് 25 ലക്ഷം രൂപയുടെ ക്ലെയിം ലഭിച്ചു. യഥാർഥത്തില്‍ കാഞ്ചൻ റായി മരിച്ചിട്ടുണ്ടായിരുന്നില്ല.
2023 ഒക്‌ടോബർ 20ന് മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇത്തവണ പവിത്ര എന്ന സ്ത്രീയാണ് മരിച്ചത്. പവിത്രയുടെ ഇൻഷുറൻസ് പോളിസിയുടെ നോമിനി ഭർത്താവ് രോഹിത് (48) ആയിരുന്നു. 24.2 ലക്ഷം രൂപ അവകാശപ്പെട്ട് ഇയാള്‍ ഇൻഷുറൻസ് കമ്ബനിയെ സമീപിച്ചു.
എന്നാല്‍, നടപടികള്‍ പുരോഗമിക്കെ, ജനുവരി 30 ന്, ഇൻഷുറൻസ് കമ്ബനിക്ക് സംശയം തോന്നിയതിനെത്തുടർന്ന് ഓഡിറ്റ് നടത്തി. ഓഡിറ്റില്‍ നേരത്തെയുള്ള കാഞ്ചൻ റായിയുടെ അതേ വിലാസം. പേര് മാത്രം വ്യത്യാസം. മറ്റ് വിവരങ്ങള്‍ എല്ലാം സാമ്യം. ഇൻഷുറൻസ് കമ്ബനി ഇവർ ഇൻഷുർ ചെയ്ത മറ്റൊരു ഇൻഷുറൻസ് സ്ഥാപനത്തെ സമീപിക്കുകയും കാഞ്ചൻ്റെ മരണത്തിൻ്റെ വിശദാംശങ്ങള്‍ തേടുകയും ചെയ്തു. പരിശോധനയില്‍ രോഹിത് വീണ്ടും നോമിനിയായ രണ്ടാമത്തെ ‘മരണ’ത്തിന് 24 ലക്ഷം, 17 ലക്ഷം എന്നിങ്ങനെയുള്ള രണ്ട് ക്ലെയിമുകള്‍ കൂടി കെട്ടിക്കിടക്കുകയായിരുന്നുവെന്ന് കണ്ടെത്തി.
രണ്ട് വ്യത്യസ്ത ആധാറും പാൻ കാർഡും ഉപയോഗിച്ച് അഞ്ച് സ്വകാര്യ കമ്ബനികളില്‍ നിന്ന് കാഞ്ചൻ ഇൻഷുറൻസ് പോളിസി എടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. എല്ലാ കേസുകളിലും മീരാ-ഭയാന്ദർ, വസായ്-വിരാർ മുനിസിപ്പാലിറ്റികള്‍ നല്‍കിയ മരണ സർട്ടിഫിക്കറ്റില്‍ ഡോക്ടർ യാദവ് ഒപ്പിട്ടിരുന്നു. വ്യാജ രേഖകളും പവിത്ര എന്ന കാഞ്ചൻ്റെ ഫോട്ടോയുടെ പകർപ്പും സഹിതമാണ് അപേക്ഷകള്‍ സമർപ്പിച്ചത്. തട്ടിപ്പില്‍ ഇൻഷുറൻസ് സ്ഥാപനങ്ങളില്‍ നിന്നും മുനിസിപ്പാലിറ്റികളില്‍ നിന്നുമുള്ളവരുള്‍പ്പെടെ പങ്കും സംശയിക്കുന്നതായി ഭയന്ദർ പൊലീസ് പറഞ്ഞു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞയാണ് മൂന്ന് പേർക്കെതിരെ കേസെടുത്തത്.