‘കുട്ടു’വിനെ തിരികെ കിട്ടി; ഉടമയുടെ സങ്കടം കണ്ട് തിരികെയേല്‍പിക്കുന്നുവെന്ന് മോഷ്ടാവ്

പാലക്കാട്: മണ്ണാർക്കാട് നിന്നും കഴിഞ്ഞ ദിവസം മോഷണം പോയ നായക്കുട്ടി കുട്ടുവിനെ തിരിച്ചുകിട്ടി. നായയെ മോഷ്ടിച്ചവർ തന്നെയാണ് തിരികെ ഏല്‍പ്പിച്ചത്.ഞായറാഴ്ച വൈകിട്ടാണ് വർക് ഷോപ്പ് ഉടമയായ ബഷീറിന്റെ നായക്കുട്ടിയെ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഓട്ടോറിക്ഷയിലെത്തിയ ആള്‍ കടയുടെ മുന്നില്‍ കെട്ടിയിട്ടിരുന്ന നായയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോകുന്നതായി കണ്ടത്. ഒരു ദിവസം മുഴുവൻ അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കി കാത്തിരിക്കുകയായിരുന്നു ബഷീർ.

അതിനിടെയാണ് ഇന്ന് രാവിലെ ഒൻപത് മണിയോടെ നായയെ എടുത്തുകൊണ്ടുപോയ ആള്‍തന്നെ ഇവിടെയെത്തി നായക്കുട്ടിയെ തിരികെ ഏല്‍പിച്ചത്. നായയെ നഷ്ടപ്പെട്ടതില്‍ താൻ ഏറെ ദുഖിതനാണെന്ന് തിരിച്ചറിഞ്ഞാണ് കൊണ്ടുപോയ ആള്‍ തിരികെ എത്തിച്ചതെന്ന് ബഷീർ വ്യക്തമാക്കി. എന്നാല്‍ തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും അയാള്‍ അപേക്ഷിച്ചതായി ബഷീറിന്റെ വാക്കുകള്‍. എന്തായാലും കൈവിട്ടുപോയെന്ന് കരുതിയ നായക്കുട്ടിയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ബഷീർ.