രക്തദാനത്തില്‍ മാതൃകയായി മാര്‍ക്കോ

പാലക്കാട്: ‘രക്തദാനം മഹാദാനം’ എന്ന ചൊല്ല് മനുഷ്യനു മാത്രമല്ല, മൃഗങ്ങള്‍ക്കും പ്രധാനമാണെന്ന് തെളിയിച്ചിരിക്കുകയാണ് റോട്ട് വീലർ ഇനത്തില്‍പെട്ട മാർക്കോ.കൂറ്റനാട് സ്വദേശി കിഷോറിന്റെ അമേരിക്കൻ ബുള്ളി ഇനത്തില്‍പെട്ട എക്കോ എന്ന നായ്, ചെള്ളുപനി ബാധിച്ച്‌ മണ്ണുത്തി മൃഗാശുപത്രിയില്‍ ചികിത്സയിലിരിക്കെ രക്തത്തിലെ കൗണ്ട് കുറഞ്ഞ് ഗുരുതരാവസ്ഥയിലായി.

‘റെഡ് ഈസ് ബ്ലഡ്‌’ കേരള ചാരിറ്റബ്ള്‍ സൊസൈറ്റി രക്തദാതാവിനെ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് രക്ഷകനായി കുന്നംകുളം സ്വദേശി സാബുവിന്റെ ഉടമസ്ഥതയിലുള്ള മാർക്കോ എന്ന നായ് എത്തിയത്. മണ്ണുത്തി മൃഗാശുപത്രിയിലെത്തി മാർക്കോ രക്തം നല്‍കി. രക്തം നല്‍കുന്ന നായ്ക്കള്‍ക്ക് നല്ല ആരോഗ്യവും 30 കിലോഗ്രാം ഭാരവും വേണം.

ഇത്തരം നായ്ക്കള്‍ ഉണ്ടായിരുന്നെങ്കിലും പല ഉടമസ്ഥരും വിസമ്മതിച്ചു. ഈ സാഹചര്യത്തില്‍ മാർക്കോയുടെ ഉടമ സാബുവിന്റെ മാതൃക അഭിനന്ദനം അർഹിക്കുന്നതായും സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിപ്പിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും റെഡ് ഈസ്‌ ബ്ലഡ്‌ കേരള സംസ്ഥാന പ്രസിഡന്റ് പ്രഖില്‍ പട്ടാമ്ബി പറഞ്ഞു.