തക്കാളിപ്പെട്ടിക്ക് പൂട്ടിടേണ്ടി വരുമോ; വില റോക്കറ്റ് കുതിപ്പില്‍

ഉരുളക്കിഴങ്ങിനും ഉള്ളിയ്ക്കും പിന്നാലെ തക്കാളി വിലയും കുതിക്കുന്നു. തക്കാളി കൃഷി നടക്കുന്ന സ്ഥലങ്ങളിലെ മഴയും വെള്ളപ്പൊക്കവുമാണ് വിലക്കയറ്റത്തിന് കാരണം.അധികം വൈകാതെ തക്കാളി കിലോയ്ക്ക് 200 രൂപ വരെയാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. ചില്ലറ വിപണിയില്‍ തക്കാളിയുടെ വില പല സ്ഥലങ്ങളിലും 100 രൂപ കടന്നു. കൊല്‍ക്കത്തയില്‍ തക്കാളിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 152 രൂപയിലധികമാണ്, ഡല്‍ഹിയില്‍ തക്കാളി 120 രൂപയ്ക്കും മുംബൈയില്‍ 108 രൂപയ്ക്കും വില്‍ക്കുന്നു. ചെന്നൈയില്‍ കിലോയ്ക്ക് 117 രൂപയാണ് .ബെംഗളൂരു വിപണിയില്‍ തക്കാളിയുടെ വില കിലോയ്ക്ക് 100 രൂപയിലെത്തി.

വിവിധ കാരണങ്ങളാല്‍ മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഇക്കുറി തക്കാളി കൃഷി കുറവാണ് . കഴിഞ്ഞ വർഷം ബീൻസ് വിലയിലുണ്ടായ വർധനയെത്തുടർന്ന് നിരവധി കർഷകർ ഈ വർഷം തക്കാളിക്ക് പകരം ബീൻസ് കൃഷി ചെയ്യാൻ തുടങ്ങി. കനത്ത മഴയും കൊടും ചൂടും മൂലമുണ്ടായ കൃഷിനാശം മൂലം തക്കാളിയുടെ പരിമിതമായ ലഭ്യതയും വിലക്കയറ്റത്തിന് കാരണമായി.ഉപഭോക്തൃ കാര്യ വകുപ്പിന് കീഴിലുള്ള വില നിരീക്ഷണ വിഭാഗം നടത്തുന്ന പഠനം അനുസരിച്ച്‌ ചില്ലറ വിപണിയില്‍ തക്കാളിയുടെ ശരാശരി വില 25 രൂപയില്‍ നിന്ന് 41 രൂപയായി ഉയർന്നു. ചില്ലറ വിപണിയില്‍ തക്കാളിയുടെ പരമാവധി വില 80-113 രൂപയാണ്.

ജൂണ്‍ 30 വരെയുള്ള വിപണിയിലെ വിലനിലവാരം അനുസരിച്ച്‌ സവാള മൊത്ത വില മുൻവർഷത്തെ അപേക്ഷിച്ച്‌ 106 ശതമാനം വർധിച്ചു. ഉരുളക്കിഴങ്ങിന്റെ മൊത്ത വില 96 ശതമാനവും ഉയർന്നു. തക്കാളി മൊത്ത വില പ്രതിവർഷ അടിസ്ഥാനത്തില്‍ 40 ശതമാനം കുറഞ്ഞെങ്കിലും പ്രതിമാസ അടിസ്ഥാനത്തില്‍ വില 112.39 ശതമാനം കുത്തനെ ഉയർന്നു.