ജോയിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി

തിരുവനന്തപുരം | ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനു മുമ്ബ് വീട്ടിലെത്തിച്ചു.

പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാരായമുട്ടത്തെ വീട്ടില്‍ എത്തിച്ചപ്പോള്‍ വികാര നിര്‍ഭരമായ നിമിഷങ്ങളാണുണ്ടായത്. പ്രതീക്ഷയോടെ മകന്‍ മടങ്ങിവരുമെന്നു കരുതി കാത്തിരുന്ന അമ്മ കണ്ണീരോടെ വിടനല്‍കി. മേയര്‍ ആര്യാ രാജേന്ദ്രന്‍ അമ്മയെ ആശ്വസിപ്പിച്ചു. മൃതദേഹം വീട്ടു വളപ്പിലാണു സംസ്‌കരിക്കുന്നത്.

പഴവങ്ങാടി തകരപറമ്ബിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേയില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് ഇവിടെയാണ്. തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും സ്ഥിരീകരിച്ചു. പോലീസ് സംഘവും ജോയിയുടെ മൃതദേഹമെന്ന് സ്ഥിരീകരിച്ചു. തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്.

കഴിഞ്ഞ രണ്ട് ദിവസമായി ഫയര്‍ഫോഴ്സ്, എന്‍ ഡി ആര്‍ എഫ് സംഘങ്ങള്‍ റെയില്‍വേയുടെ ഭാഗത്ത് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയില്‍ നിന്നുള്ള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചില്‍ ആരംഭിക്കാനിരിക്കെയാണ് തകരപറമ്ബ് ഭാഗത്ത് ഒരു മൃതദേഹം കനാലില്‍ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പോലീസിനെ അറിയിച്ചത്.

തലസ്ഥാന നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചാന്‍. തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കുന്നതിനിടെ കനത്തമഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ ജോയിയെ കാണാതായി. രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല.

റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്ബാരങ്ങള്‍ക്കിടയില്‍ വളരെ പ്രയാസപ്പെട്ടാണ് സ്‌കൂബാ ഡൈവിംഗ് സംഘമടക്കമിറങ്ങി തെരച്ചില്‍ നടത്തിയത്. എന്നാല്‍ രണ്ട് ദിവസം തെരച്ചില്‍ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവില്‍ ജോയിയെ കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്ററിനപ്പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.