മദ്യലഹരിയില്‍ വളഞ്ഞുംപുളഞ്ഞും ബൈക്ക് യാത്ര, അതും വിപരീത ദിശയില്‍; യുവാവിനെതിരെ നടപടിയുമായി പൊലീസും എംവിഡിയും

കോഴിക്കോട്: മുക്കത്ത് മദ്യ ലഹരിയില്‍ ബൈക്ക് ഓടിച്ച്‌ അപകടമുണ്ടാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കാരശ്ശേരി ജംഗ്ഷന്‍ സ്വദേശി മനുവിനെതിരെ മുക്കം പൊലീസാണ് കേസെടുത്തത്.മനുവിനോട് നാളെ ചേവായൂര്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഹാജരാകാന്‍ ആര്‍.ടി.ഒയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസം രാത്രി 10.30ഓടെയാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്.

മുക്കം പാലത്തിനും നോര്‍ത്ത് കാരശ്ശേരി പാലത്തിനും ഇടയില്‍ വെച്ചാണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ ബൈക്ക് ഓടിക്കുകയായിരുന്ന മനുവിനൊപ്പം പുറകില്‍ ഒരു സുഹൃത്തും ഉണ്ടായിരുന്നു. മറ്റ് വാഹനങ്ങള്‍ക്ക് കൂടി അപകടമുണ്ടാക്കുന്ന തരത്തില്‍ തെറ്റായ ദിശയില്‍ വളഞ്ഞുപുളഞ്ഞായിരുന്നു ബൈക്കിന്റെ പോക്ക്. ഇവർക്ക് പിന്നാലെ എത്തിയ മറ്റൊരു ബൈക്കിലെ യാത്രക്കാരനാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മറ്റൊരു ബൈക്കില്‍ വന്ന ഒരു യാത്രക്കാരൻ അപകടകരമായ യാത്ര കണ്ട് കാര്യം അന്വേഷിക്കാനായി ഈ സമയം റോഡില്‍ വാഹനം നിർത്തി. ഈ സമയം ഇയാളുടെ വാഹനത്തില്‍ ഇടിച്ച്‌ ഇരുവരും റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.