ഇന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കിയത് വയനാട്ടില്‍ മാത്രം, റെഡ് അലര്‍ട്ടുള്ള കണ്ണൂരില്‍ അവധി നല്‍കാഞ്ഞതില്‍ വ്യാപക വിമ‍ര്‍ശനം

കോഴിക്കോട്:വടക്കൻ കേരളത്തില്‍ മഴ തകർത്തു പെയ്ത ഇന്ന് സ്കൂളുകള്‍ക്ക് അവധി നല്‍കിയത് വയനാട്ടില്‍ മാത്രം. റെഡ് അലർട്ടുള്ള കണ്ണൂരില്‍ പോലും അവധി നല്‍കാഞ്ഞത് വ്യാപക വിമർശനത്തിന് ഇടയാക്കി.സാഹസിക യാത്ര നടത്തിയാണ് പല സ്കൂള്‍ വാഹനങ്ങളും ഇന്ന് കുട്ടികളെ സ്കൂളില്‍ എത്തിച്ചത്. സ്കൂള്‍ ബസുകള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതിന് ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂള്‍ വാഹനങ്ങള്‍ കുടുങ്ങിയതിന്‍റെയും കനത്ത മഴയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടി സ്കൂളുകളിലേക്ക് പോയതിന്‍റെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്.

വടക്കൻ കേരളത്തില്‍ പരക്കെ മഴ ശക്തമാകും എന്ന കാലാവസ്ഥ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും അധ്യയനദിവസം മുടക്കേണ്ട നിർബന്ധ ബുദ്ധിയിലായിരുന്നു പല ജില്ലാ കലക്ടർമാരും. റെഡ് അലർട്ട് ഉള്ള വയനാടിനെ കലക്ടർ അവധി നല്‍കിയപ്പോള്‍ ഇതേ മുന്നറിയിപ്പുള്ള കണ്ണൂരില്‍ ജില്ലാ കളക്ടർ കടുംപിടുത്തത്തില്‍ ആയിരുന്നു.ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ പുലർച്ചെ ഏഴു മുതല്‍ മഴയുടെയും വെള്ളക്കെട്ടിന്റെയും സാഹചര്യങ്ങള്‍ റിപ്പോർട്ട് ചെയ്തെങ്കിലും കണ്ണൂർ ജില്ലാ ഭരണകൂടത്തിന്‍റെ നിലപാടില്‍ മാറ്റമുണ്ടായില്ല.

അഞ്ചരക്കണ്ടിയില്‍ മതില്‍ ഇടിഞ്ഞുണ്ടായ അപകടത്തില്‍ നിന്ന് തലനാരിയ്ക്കാണ് മദ്രസ വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത്. പാനൂർ കെ കെ വി പി ആർ മെമ്മോറിയല്‍ എച്ച്‌ എസ് എസിലെ സ്കൂള്‍ ബസാകട്ടെ വെള്ളക്കെട്ടിലും കുടുങ്ങി. സ്കൂളില്‍ വിട്ട് മടങ്ങുന്നതിനിടെയാണ് സംഭവം. കടവത്തൂർ മുണ്ടത്തോട് റോഡിലാണ് ബസ് കുടുങ്ങിയത്. കണ്ണൂരില്‍ മറ്റൊരിടത്ത് വിദ്യാർത്ഥികളെ വെള്ളക്കെട്ടുള്ള റോഡില്‍ സ്കൂള്‍ ബസ് ഡ്രൈവർ ഇറക്കിവിട്ട് ചമ്ബാട് ചോതാവൂർ സ്കൂളിലെ മുപ്പതോളം കുട്ടികളെയാണ് പാതിവഴിയില്‍ ഇറക്കിവിട്ടത്.

റോഡില്‍ വെള്ളം കയറിയതിനാല്‍ വീട്ടിലെത്താനാകാതെ കുട്ടികള്‍ കുടുങ്ങി. കോഴിക്കോട് കല്ലാച്ചി – ഇയ്യംങ്കോട് റോഡില്‍ വെള്ളക്കെട്ടിലൂടെ വിദ്യാർത്ഥികളുമായി ജീപ്പ് ഡ്രൈവര്‍ സാഹസികമായി പോയ സംഭവവും ഉണ്ടായി. വിദ്യാർത്ഥികളുമായുള്ള ജീപ്പ് യാത്ര സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.കോഴിക്കോട് ചെക്യാട് പഞ്ചായത്തില്‍ സ്കൂള്‍ ബസ് റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങി.പാലം മറികടക്കാൻ ശ്രമിക്കവെയാണ് ബസ് വെള്ളക്കെട്ടില്‍ നിന്നു പോയത്. ബസില്‍ 25 ല്‍ അധികം കുട്ടികള്‍ ഉണ്ടായിരുന്നു. പാലക്കാട് ആലത്തൂർ കാട്ടുശ്ശേരിയില്‍ സ്കൂള്‍ ബസ് മറിഞ്ഞു.എഎസ്‌എംഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ബസാണ് മറിഞ്ഞത്. 20 കുട്ടികള്‍ ഉണ്ടായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്തി.