കേരളത്തില്‍ വീണ്ടും നിപ, മലപ്പുറത്തെ കുട്ടിക്ക് സ്ഥിരീകരിച്ചു, പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്
തിരുവനന്തപുരം : കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു.കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നിലവില്‍ പ്രോട്ടോകോള്‍ പ്രകാരം നിപ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുൻ കരുതല്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനാലുകാരൻ പെരിന്തല്‍മണ്ണ സ്വദേശിയാണ്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്കു മാറ്റുമെന്നും മന്ത്രി അറിയിച്ചു.നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ സെല്‍ തുറന്നു. മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കണ്‍ട്രോള്‍ റൂം നമ്ബർ.
മഞ്ചേരിയില്‍ 30 പ്രത്യേക വാർഡുകള്‍ ആരംഭിച്ചു. കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നിപ ബാധിതന്റെ പ്രാഥമിക , സെക്കന്ററി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തിലാണ്. പൂനൈയില്‍ നിന്നുള്ള ഫലം വന്നിട്ടില്ല. എന്നിരുന്നാലും മാസ്ക്ക് ധരിക്കണം. കൂടുതല്‍ ആരോഗ്യ പ്രവർത്തകള്‍ മലപ്പുറത്തേക്ക് വരും.മൂന്ന് കിലോമീറ്റർ പരിധിയില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വിശദീകരിച്ചു.