മാസം തീരാറായിട്ടും ശമ്ബളം കിട്ടിയില്ല, കൈമലര്‍ത്തി നടത്തിപ്പ് കമ്ബനി; 108 ആംബുലൻസ് ജീവനക്കാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം: ശമ്ബളം മുടങ്ങിയതില്‍ പ്രതിഷേധിച്ച്‌ 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് സമരം. 108 ആംബുലൻസ് ജീവനക്കാർ ഇന്ന് സർവീസില്‍ നിന്ന് വിട്ട് നില്‍ക്കും.ജൂണിലെ ശമ്ബളം ഇതുവരെയും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. എല്ലാ മാസവും ഏഴാം തീയതിക്കു മുമ്ബ് ശമ്ബളം നല്‍കുമെന്ന ഉറപ്പുകള്‍ നടത്തിപ്പ് കമ്ബനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി. എംആർഐ ഗ്രീൻ ഹെല്‍ത്ത് സർവ്വീസ് എന്ന കമ്ബനിക്കാണ് 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതല. നടത്തിപ്പ് ചുമതല സർക്കാർ ഏറ്റെടുക്കുക, ശമ്ബളം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നത്തെ സൂചന പണിമുടക്ക്. സിഐടിയുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാർച്ച്‌ സംഘടിപ്പിക്കും. എന്നാല്‍ സർക്കാരില്‍ നിന്ന് കിട്ടേണ്ട തുക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് നടത്തിപ്പ് കമ്ബനിയുടെ വാദം.