മുഖ്യമന്ത്രി സാധ്യമാക്കും, പ്രതീക്ഷയോടെ ഒന്നാം ക്ലാസുകാരി റന ഫാത്തിമ കാത്തിരിക്കുന്നു! സ്കൂളിനൊരു നീന്തല്‍ കുളം
കോഴിക്കോട്: ജൂലൈ 25, മുങ്ങിമരണ പ്രതിരോധ ദിനമായി ലോകം ആചരിക്കുകയാണ്. മലയാളികള്‍ക്ക് ഈ ദിവസം പ്രത്യേകമായി ഒന്നും ഒര്‍മപ്പെടുത്തുന്നില്ലെങ്കിലും ഇവിടെ ഒരു ഒന്നാം ക്ലാസുകാരി വലിയ പ്രതീക്ഷയിലാണ്.താന്‍ മുഖ്യമന്ത്രിയെ നിവേദനത്തിലൂടെ അറിയിച്ച ആവശ്യം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഈ കുരുന്നു പ്രതിഭ.
മുക്കം നഗരസഭയിലെ തോട്ടുമുക്കം ഗവണ്‍മെന്റ് യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി റന ഫാത്തിമയാണ് ലോക മുങ്ങിമരണ പ്രതിരോധ ദിനത്തിലെ താരമായി മാറുന്നത്. മൂന്ന് വയസ്സ് മുതല്‍ വീടിന് സമീപത്തെ പുഴയിലൂടെ നീന്തല്‍ ആരംഭിച്ച റന, നീന്തല്‍ അറിയാത്ത മുതിര്‍ന്നവര്‍ക്ക് പോലും പ്രചോദനമാകുകയായിരുന്നു. ചെറിയ പ്രായത്തിലെ കുട്ടിയുടെ ഈ മികവ് പത്ര ദൃശ്യമാധ്യമങ്ങളിലും മറ്റും വാര്‍ത്തയാവുകയും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. നിരവധി പുരസ്‌കാരങ്ങളും ഈ മിടുക്കിയെ തേടിയെത്തിയിട്ടുണ്ട്.
മുക്കം നഗരസഭയുടെ കുട്ടികളെ നീന്തല്‍ പരിശീലിപ്പിക്കുന്ന പദ്ധതിയായ ‘നീന്തിവാ മക്കളെ’ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് റന. മുങ്ങി മരണങ്ങള്‍ ഇല്ലാതാകാന്‍ ഞങ്ങളെ പോലുള്ള കുഞ്ഞുകുട്ടികള്‍ക്ക് സ്‌കൂളുകളില്‍ നീന്തല്‍ കുളം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ അനുകൂല നിലപാടുണ്ടാകും എന്ന പ്രതീക്ഷയില്‍ കാത്തിരിക്കുയാണ് റന ഇപ്പോള്‍. മാധ്യമ പ്രവര്‍ത്തകന്‍ റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാനയുടെയും മകളാണ് റന.