മുണ്ടക്കൈയില്‍ മണ്ണിനടിയില്‍ ജീവന്‍റെ തുടിപ്പ്? മനുഷ്യന്‍റേതെന്ന് ഉറപ്പില്ല; റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് പരിശോധന
മേപ്പാടി: ദുരന്തഭൂമിയില്‍ നാലാംദിനം രക്ഷാപ്രവർത്തനം തുടരുന്നതിനിടെ മണ്ണിനടിയില്‍ റഡാർ പരിശോധനയില്‍ ജീവന്‍റെ സിഗ്നല്‍ കണ്ടെത്തി.മുണ്ടക്കൈ അങ്ങാടിയില്‍ അത്യാധുനിക തെർമല്‍ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയില്‍ രണ്ടു തവണ സിഗ്നല്‍ ലഭിച്ചത്.
മനുഷ്യന്‍റേതെന്ന് ഉറപ്പില്ല. സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിക്കുന്നുണ്ട്. വീടും കടയും ചേർന്ന കെട്ടിടം നിന്നിരുന്ന സ്ഥലത്താണ് സിഗ്നല്‍ കാണിച്ചത്. ഇതനുസരിച്ച് കട നിന്നിരുന്ന സ്ഥലത്തെ മണ്ണും കോണ്‍ക്രീറ്റ് ഭാഗങ്ങളും മാറ്റിയാണ് പരിശോധന നടത്തുന്നത്. 50 മീറ്റർ ചുറ്റളവിലാണ് സിഗ്നല്‍ ലഭിച്ചത്. ശ്വസനവും ജീവനുമുള്ള വസ്തുക്കളുടെ ബ്ലൂ സിഗ്നലാണ് ലഭിച്ചത്. റഷ്യൻ നിർമിത റഡാർ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കും മണ്‍കൂമ്ബാരത്തിനുമടിയില്‍ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുമുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കില്‍ റഡാറില്‍ സിഗ്നല്‍ കാണിക്കും.
സിഗ്നല്‍ ലഭിച്ചതോടെ ഹിറ്റാച്ചി ഉപയോഗിച്ച് ഏറെ ശ്രദ്ധയോടെയാണ് മണ്ണ് നീക്കുന്നത്. 40 ഇഞ്ച് കോണ്‍ക്രീറ്റ് പാളിക്കടിയില്‍ ആളുണ്ടെങ്കില്‍ സിഗ്നല്‍ കാണിക്കും. പ്രദേശത്ത് ഫയർ ആൻഡ് റെസ്‌ക്യൂ സേനയും സൈനികരും മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകരുമുണ്ട്. മറ്റിടങ്ങളിലെ തിരച്ചില്‍ നിർത്തിവച്ച് ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ദൗത്യം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച രാവിലെ പടവെട്ടിക്കുന്നില്‍ സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തില്‍ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് നാലുപേരെ ജീവനോടെ കണ്ടെത്തിയിരുന്നു.
ദുരന്തത്തിന്റെ നെഞ്ചുലക്കുന്ന കാഴ്ചകള്‍ക്കിടയിലാണ് പ്രതീക്ഷ പകരുന്ന പുതിയ വാർത്തയെത്തിയത്. രണ്ടു സ്‍ത്രീകളെയും രണ്ടു പുരുഷന്മാരെയുമാണ് രക്ഷപ്പെടുത്തിയത്. ജോണി, ജോമോള്‍, എബ്രഹാം മാത്യു, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞു. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് നാലുപേരെ ജീവനോടെ സൈന്യം കണ്ടെത്തിയത്. തുടർന്ന് ഇവരെ വ്യോമമാർഗം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
നാലുദിവസമായി ഒരു വീട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവർ. രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയുടെ കാലിന് പരിക്കുണ്ട്. ജീവനോടെ രക്ഷപ്പെടുത്താൻ ആരും ബാക്കിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സൈന്യം അറിയിച്ചിരുന്നത്. അതിനിടെയാണ് നാലുപേരെ ജീവനോടെ കണ്ടെത്തിയത്. ജീവന്റെ തുടിപ്പ് തേടി സൈന്യം ഓരോയിടത്തും തിരച്ചില്‍തുടരുകയാണ്.