കേരളത്തിലെ എല്ലാ ജില്ലകളിലും മണ്ണിടിച്ചില്‍ സാധ്യതയെന്ന് 2023ലെ ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട്

ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെ 147 ജില്ലകള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുമ്പോള്‍, കേരളത്തിലെ 14 ജില്ലകളും ഈ ദുരന്ത സാധ്യത മുന്നില്‍ കാണണം എന്ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO). 2023ല്‍ തയ്യാറാക്കിയ ‘Landslide Atlas of India’ എന്ന റിപ്പോര്‍ട്ടിലെ മാപ്പുകളാണ് ഇത് സൂചിപ്പിക്കുന്നത്.

 

147ല്‍ 138ാം സ്ഥാനമുള്ള ആലപ്പുഴയാണ് കേരളത്തില്‍ ഏറ്റവും ഭീഷണി കുറഞ്ഞ ജില്ല. ബാക്കി 13 ജില്ലകളും അപകട സാധ്യത കൂടുതലുള്ള ആദ്യ 50ലെന്ന് പഠനം സൂചിപ്പിക്കുന്നു. ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ എല്ലാ ജില്ലകളും ഐഎസ്ആര്‍ഓയുടെ പട്ടികയിലുണ്ട്. മിസോറം പോലൊരു കുഞ്ഞന്‍ സംസ്ഥാനം കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ നേരിട്ടത് 12,385 മണ്ണിടിച്ചിലുകള്‍. അതായത് ഒരു ദിവസം ഒരു മണ്ണിടിച്ചില്‍ വീതം.

 

ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ രാജ്യത്ത് കാലാവസ്ഥാ അനുബന്ധ ദുരന്തങ്ങളില്‍ നഷ്ടമായത് 4,70,000 കോടി രൂപയാണ്. നമ്മുടെ പ്രതിരോധ ബജറ്റിന്റെ മുക്കാല്‍ ശതമാനത്തോളം വരുമിത്. ഒരു പരിധി വരെ കനത്ത മഴ പോലെയുള്ള പ്രകൃതിയുടെ വിളയാട്ടങ്ങളെ പഴിക്കാമെങ്കിലും അശാസ്ത്രീയമായി നിര്‍മിച്ച ജനവാസ കേന്ദ്രങ്ങളും 1950 മുതല്‍ 62 ശതമാനത്തിലധികം വനപ്രദേശം അപ്രത്യക്ഷമാകാന്‍ കാരണമായിട്ടുണ്ട്. ഈ നഷ്ടം വനവത്കരണത്തിലൂടെ നികത്താന്‍ വര്‍ഷങ്ങള്‍ എടുക്കും.

 

പോയവര്‍ഷം ഇതേസമയം ഹിമാചല്‍ പ്രദേശിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും 200 പേരുടെ ജീവനാണ് എടുത്തത്. സമാനഭൂപ്രദേശമായ ഉത്തരാഖണ്ഡിന്റെ നിലയും അതീവ ഗുരുതരമാണ്. ഐഎസ്ആര്‍ഒയുടെ ഉരുള്‍പൊട്ടല്‍ അപകടസാധ്യതാ പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് രുദ്രപ്രയാഗ്- തെഹ്രി ജില്ലകള്‍. എന്നിട്ടും ഈ ഉയര്‍ന്ന ഭൂകമ്പ സാധ്യതാ മേഖലയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവത്തില്‍ എടുത്തിട്ടില്ല. 2013-ലെ കേദാര്‍നാഥ് ദുരന്തം, 2021-ലെ ഋഷിഗംഗ വെള്ളപ്പൊക്കം, 2022-ലെ ജോഷിമഠ് മണ്ണിടിച്ചില്‍ എന്നിവ ഉണ്ടായിട്ടും സര്‍ക്കാര്‍ വിദഗ്ധരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുകയോ നാട്ടുകാരുടെ കാര്യത്തില്‍ ആശങ്കപ്പെടുകയോ ചെയ്യുന്നില്ല. സമുദ്രനിരപ്പില്‍ നിന്ന് 3100 മീറ്ററിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബദരീനാഥ് ക്ഷേത്രത്തിനായുള്ള മാസ്റ്റര്‍ പ്ലാനുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാരുകള്‍. കര്‍ണപ്രയാഗ്-ഋഷികേശ് റെയില്‍ നിര്‍മാണം മൂലം വീടുകള്‍ക്ക് വിള്ളല്‍ വീഴുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.