വെള്ളാര്‍മല സ്കൂള്‍ പുനര്‍നിര്‍മിക്കും, ഒപ്പം മൂന്ന് കോടിയുടെ സഹായവും; വയനാടിനെ ചേര്‍ത്ത് പിടിച്ച് മോഹൻലാൽ
വയനാട്: ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടില്‍ നടന്നതെന്ന് ലെഫ്റ്റനൻ്റ് കേണല്‍ നടൻ മോഹൻലാല്‍. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല.
മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. വയനാട്ടില്‍ നടന്നത് വളരെ സങ്കടകരമായ കാര്യമാണ്. നേരിട്ട് കണ്ടാല്‍ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിൻ്റെ തീവ്രത. എല്ലാവരും സഹായിക്കുന്നത് വലിയ കാര്യമാണ്. സാധാരണക്കാർ മുതല്‍ സൈന്യം വരെ എല്ലാവരും ദൗത്യത്തിൻ്റെ ഭാഗമായി. താൻ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയൻ. കഴിഞ്ഞ 16 വർഷമായി താനീ സംഘത്തിലെ അംഗമാണ്. അവരടക്കം രക്ഷാപ്രവർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്കരിക്കാനുമാണ് താൻ വന്നത്. ബെയ്‌ലി പാലം തന്നെ വലിയ അദ്ഭുതമാണ്. ഈശ്വരൻ്റെ സഹായം കൂടെയുണ്ട് ഇത് യാഥാർത്ഥ്യമായതിന് പിന്നിലെന്ന് കരുതുന്നു. ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നല്‍കും. സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷൻ വീണ്ടും സാമ്ബത്തിക സഹായം ആവശ്യമെങ്കില്‍ നല്‍കും. വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണംഏറ്റെടുക്കുമെന്നും മോഹൻലാല്‍ പറഞ്ഞു.
സൈന്യം നിര്‍മ്മിച്ച് ബെയ്ലി പാലം വഴി മുണ്ടക്കൈയില്‍ എത്തിയ മോഹന്‍ലാല്‍ രക്ഷദൗത്യത്തില്‍ ഏര്‍പ്പെട്ട സൈനികരുമായും, വോളണ്ടിയര്‍മാരുമായും സംസാരിച്ചു. ഒരോ വിഭാഗങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഉരുള്‍പൊട്ടല്‍ രൂക്ഷമായി ബാധിച്ച പ്രദേശങ്ങള്‍ മോഹന്‍ലാല്‍ സന്ദര്‍ശിച്ചത്. ഉരുള്‍ പൊട്ടലിന്‍റെ പ്രഭവ കേന്ദ്രത്തിന് അടുത്തുള്ള പുഞ്ചിരമറ്റം വരെ മോഹന്‍ലാല്‍ എത്തി കാര്യങ്ങള്‍ നോക്കി കണ്ടിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരോടും മോഹന്‍ലാല്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുന്നുണ്ടായിരുന്നു. സൈനിക വേഷത്തില്‍ എത്തിയ മോഹന്‍ലാലിനൊപ്പം മേജര്‍ രവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പിന്നീടാണ് ഇദ്ദേഹം മാധ്യമങ്ങളെ കണ്ട് തൻ്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വഴി സഹായം പ്രഖ്യാപിച്ചത്.