‘ഞങ്ങളീ നാടിനെ സ്നേഹിക്കുന്നു, ഈ വേദന ഞങ്ങളുടേതും കൂടി’; കൂടെയുണ്ടാകണമെന്ന് ലോകത്തോട് പറഞ്ഞ് ഈ വിദ്യാര്‍ത്ഥികള്‍

തൃശ്ശൂർ: വയനാടിനും കേരളത്തിനും കൈത്താങ്ങാകണമെന്ന് അഭ്യര്‍ഥിക്കുകയാണ് ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാലയിലെ മൂന്നു വിദ്യാര്‍ഥിനികള്‍.തൃശൂര്‍ മിനാലൂരില്‍ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിനെത്തിയപ്പോഴാണ് ദുരന്തവാര്‍ത്ത അറിഞ്ഞത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് അറിഞ്ഞ് ഇഷ്ടപ്പെട്ട കേരളത്തിനുണ്ടായ ദുരിതം അവരെ വേദനിപ്പിക്കുന്നു, കൂടെയുണ്ടാകണമെന്ന് ലോകത്ത് പറയുകയുകയാണ് ഈ മൂന്നുപേരും.

ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ബിരുദാനന്തര, ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന മൂന്നു പെണ്‍കുട്ടികളാണ് അമേലിയാ റോക്ക്, ഷാലറ്റ് സതര്‍ലന്‍റ്, മില്ലിസെന്‍റ് ക്രൂ എന്നിവർ. ഒരുമാസമായില്ല ഇവർ കേരളത്തിലെത്തിയിട്ട്. മിണാലൂരിലെ ഇന്‍മൈന്‍റ് ആശുപത്രിയിലാണ് ഇന്‍റേണ്‍ഷിപ്പ്. നടന്നും കണ്ടും അറിഞ്ഞും മനസ്സിലാക്കിയ കേരളമെന്ന നാടു കരയുമ്ബോള്‍ ഒപ്പമുണ്ടെന്ന് പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല ഇവര്‍ക്ക്. ഞങ്ങള്‍ ഈ നാടിനെ സ്നേഹിക്കുന്നു. ഇവിടുത്തെ ജീവിതത്തെ, വിദ്യാഭ്യാസത്തെ, സ്ത്രീശക്തിയെ, പ്രകൃതിയെ ഒക്കെ. അതുകൊണ്ടു തന്നെ ഈ വേദന ഞങ്ങളുടെയും കൂടിയാണെന്ന് ഇവർ പറയുന്നു.

ലോകമെമ്ബാടുമുള്ള ഒരുപാട് ആളുകളിലേക്ക് ഇവരുടെ സന്ദേശമെത്തുന്നുണ്ട്. അവര്‍ പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയും ഇവരെ പ്രശംസിച്ചിരുന്നു. ഈ മാസം അവസാനത്തോടെ മൂവരും യുകെയിലേക്ക് മടങ്ങും. ദുരന്തങ്ങളെ അതിജീവിച്ച നാടുകാണാന്‍ വീണ്ടുമെത്തുമെന്ന് മൂവരും പറയുന്നു.