പാരീസ് ഒളിംപിക്‌സ്: മെഡല്‍ പട്ടികയില്‍ ഇന്ത്യയെ പിന്നിലാക്കി പാകിസ്ഥാന്‍! നേട്ടമായത് നദീമിന്റെ സ്വര്‍ണ നേട്ടം
പാരീസ്: ഒളിംപിക്‌സ് മെഡല്‍ പട്ടികയില്‍ പാകിസ്ഥാന് പിന്നിലായി ഇന്ത്യ. പുരുഷ ജാവലിന്‍ ത്രോയില്‍ പാകിസ്ഥാന്‍ താരം അര്‍ഷദ് നദീം സ്വര്‍ണം നേടിയതോടെയാണ് പാകിസ്ഥാന് പോയിന്റ് പട്ടികയില്‍ നേട്ടമുണ്ടായത്.മത്സരത്തില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് വെള്ളി ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജിന് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വന്നു.
എന്തായാലും നദീമിന്റെ സ്വര്‍ണം നേട്ടം പാകിസ്ഥാന് ഗുണം ചെയ്തു. ഒരു സ്വര്‍ണം മാത്രം നേടിയിട്ടുള്ള പാകിസ്ഥാന്‍ നിലവില്‍ 53-ാം സ്ഥാനത്താണ്. ഒരു വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമായിട്ടുള്ള ഇന്ത്യ അഞ്ച് മെഡലുമായി 64-ാം സ്ഥാനത്താണ്. മെഡലുകള്‍ ഇന്ത്യക്കാണ് കൂടുതലെങ്കിലും സ്വര്‍ണ മെഡല്‍ നേട്ടമാണ് സ്ഥാന നിര്‍ണയത്തിന് കണക്കിലെടുക്കുക.
അമേരിക്കയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 30 സ്വര്‍ണമാണ് അമേരിക്കയുടെ അക്കൗണ്ടിലുള്ളത്. 29 സ്വര്‍ണമുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്. 18 സ്വര്‍ണവുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്താണ്. ഫ്രാന്‍സ് (14), ബ്രിട്ടണ്‍ (13) എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. നീരജ് തന്റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞു. നീരജിന്റെ ആറ് ശ്രമങ്ങളില്‍ അഞ്ചും ഫൗളായിരുന്നു. പാരീസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ വെള്ളി മെഡലാണിത്. ഗ്രനാഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനാണ് വെങ്കലം. 88.54 മീറ്റര്‍ എറിഞ്ഞാണ് താരം വെങ്കലം നേടിയത്.
തന്റെ രണ്ടാമത്തെ ശ്രമത്തില്‍ തന്നെ പാകിസ്ഥാന്‍ താരം റെക്കോര്‍ഡ് ദൂരം കണ്ടെത്തി. ടോക്യോ ഒളിംപിക്സില്‍ അഞ്ചാം സ്ഥാനത്തായിരുന്നു നദീം. പത്ത് മീറ്റര്‍ വ്യത്യാസത്തിലാണ് ഇത്തവണ നദീം ജാവലിന്‍ പായിച്ചത്. തന്റെ അവസാന ശ്രമത്തില്‍ 91.79 ദൂരമെറിയാനും നദീമിന് സാധിച്ചു. ആദ്യമായിട്ടാണ് ഒരു താരം ഒളിംപിക്സില്‍ രണ്ട് തവണ 90 മീറ്റര്‍ ദൂരം പായിക്കുന്നത്.