പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം നാളെ: ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്നു സ്വീകരിക്കും; ഗതാഗത നിയന്ത്രണം
കല്‍പറ്റ; വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും.
വ്യോമസേനയുടെ എയർ ഇന്ത്യ വണ്‍ വിമാനത്തില്‍ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററിലാണു വയനാട്ടിലേക്കു പോകുന്നത്.
ഇതിനായി വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകള്‍ ഇന്നലെ കണ്ണൂരിലെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ആവശ്യമെങ്കില്‍ റോഡ് മാർഗം യാത്ര ചെയ്യാൻ ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷാ സന്നാഹങ്ങളും ഇന്നലെ പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിച്ചു.
പ്രധാനമന്ത്രി സഞ്ചരിക്കേണ്ട എയർ ഇന്ത്യ വണ്‍ വിമാനം ഇന്ന് കണ്ണൂരിലെ റണ്‍വേയില്‍ പരീക്ഷണ ലാൻഡിങ് നടത്തും. ഹെലികോപ്റ്ററുകള്‍ കല്‍പറ്റയിലെ എസ്കെഎംജെ സ്കൂള്‍ മൈതാനത്തായിരിക്കും ഇറക്കുക. കല്‍പറ്റ റെസ്റ്റ് ഹൗസില്‍ വിശ്രമിച്ച ശേഷം റോഡ് മാർഗമാകും പ്രധാനമന്ത്രി ദുരന്തമേഖലയിലേക്കു പോകുക. സുരക്ഷയുടെ ഭാഗമായി ഹെലികോപ്റ്ററുകള്‍ ഇന്നലെ ഈ ഭാഗത്തുകൂടി പറന്നു വ്യോമനിരീക്ഷണം നടത്തി.
കണ്ണൂർ വിമാനത്താവളത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു പ്രധാനമന്ത്രിയെ സ്വീകരിക്കും. ഇരുവരും വയനാട്ടിലേക്കു പ്രധാനമന്ത്രിയെ അനുഗമിക്കും. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താനായി വിമാനത്താവളത്തില്‍ കലക്ടറുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
വയനാട്ടില്‍ നിന്ന് ഹെലികോപ്റ്റർ മാർഗം ഉച്ചകഴിഞ്ഞ് 3.40ന് കണ്ണൂർ വിമാനത്താവളത്തില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി 3.45ന് ഡല്‍ഹിയിലേക്കു മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തില്‍ കല്‍പറ്റ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി.
കല്‍പറ്റ എസ്കെഎംജെ സ്കൂളിലെ ഹെലിപാഡും പരിസരവും പ്രത്യേക സുരക്ഷാവലയത്തിലാണ്. കല്‍പറ്റയില്‍നിന്ന് മേപ്പാടിയിലേക്കുള്ള റോഡിലെ കുഴികളടയ്ക്കലും തകൃതിയായി നടന്നു. ഡല്‍ഹിയില്‍നിന്നുള്ള ഉദ്യോഗസ്ഥ സംഘത്തിലെ ചിലർ ഇന്നു കല്‍പറ്റയിലെത്തും.