10 ദിവസമായി തുടരുന്ന തെരച്ചില്‍: ചാലിയാറില്‍ നിന്ന് ഒരു മൃതദേഹവും ഒരു ശരീര ഭാഗവും കൂടി കണ്ടെത്തി
മലപ്പുറം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്ബൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ തുടരുന്ന തിരച്ചിലില്‍ ഒരു മൃതദേഹവും ഒരു ശരീര ഭാഗവു കൂടി ലഭിച്ചു.ഇന്നലെ നടത്തിയ തെരച്ചിലിലാണ് ലഭിച്ചത്. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ 78 ഉം ശരീര ഭാഗങ്ങള്‍ 166 ഉം ആയി.
40 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഉരുള്‍പൊട്ടലുണ്ടായതിനു ശേഷം 10 ദിവസമായി ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്.
ഇതിനകം 242 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. 232 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങള്‍ പൂര്‍ണമായി ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം ഉരുളെടുത്ത മുണ്ടക്കൈയില്‍ ഇന്ന് നാട്ടുകാരെ ഉള്‍പ്പെടുത്തി ജനകീയ തെരച്ചില്‍ നടത്തും. ദുരിതാശ്വാസ ക്യാമ്ബുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ പങ്കാളികളാക്കും. ദുരന്ത മേഖലയെ ആറായി തിരിച്ചാണ് പരിശോധന നടത്തുക. ഇനി കണ്ടെത്താൻ ഉള്ളത് 131 പേരെയാണ്. പ്രധാന മേഖലകളിലെല്ലാം തെരച്ചില്‍ നടന്നതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് കിട്ടുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തെരച്ചില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.