ജയിലില്‍ നിന്നിറങ്ങി സ്കൂട്ടര്‍ മോഷ്ടിച്ചു, അതില്‍ കറങ്ങി നടന്ന് അമ്ബലങ്ങളില്‍ കവര്‍ച്ച; പ്രതിയുമായി തെളിവെടുപ്പ്

തൃശൂര്‍: സംസ്ഥാനത്തെ നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഗുരുവായൂര്‍ പൊലീസിന്‍റെ പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്.ഭണ്ഡാരം സജീഷ് എന്നറിയപ്പെടുന്ന എടപ്പാള്‍ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷി (43) നെയാണ് തെളിവെടുപ്പിന് എത്തിച്ചത്. വൈലത്തൂര്‍ തൃക്കണമുക്ക് ക്ഷേത്രത്തിലായിരുന്നു തെളിവെടുപ്പ്.

ക്ഷേത്രത്തിന് മുന്‍ വശത്തെയും പിന്‍ഭാഗത്തെയും ചുറ്റമ്ബലത്തിലെയും അടക്കം അഞ്ച് ഭണ്ഡാരങ്ങള്‍ പൊളിച്ച്‌ പണം കവര്‍ന്നിരുന്നു. ഓഫീസ് റൂമിന്റെ പൂട്ട് പൊളിച്ച്‌ അകത്ത് കയറി അലമാരയുടെ പൂട്ട് തകര്‍ത്ത് ലോക്കറില്‍നിന്ന് ചാവി എടുത്തായിരുന്നു മോഷണം. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൊളിച്ചാണ് മോഷ്ടാവ് ചുറ്റമ്ബലത്തിനകത്ത് കയറിയത്. പുലര്‍ച്ചെ ക്ഷേത്രം തുറക്കാന്‍ വന്ന പൂജാരിയാണ് മോഷണം വിവരം അറിഞ്ഞത്.

സംഭവത്തിനുശേഷം കര്‍ണാടകയിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുമായി ഒളിവില്‍ കഴിയുകയായിരുന്ന സജീഷ്, സുല്‍ത്താന്‍ ബത്തേരിയിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ഇളങ്കോവിനു രഹസ്യ വിവരം ലഭിച്ചു. ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ടി.എസ്. സിനോജിന്റെ നിര്‍ദേശാനുസരണം തൃശൂര്‍ സിറ്റി സ്‌ക്വാഡും ഗുരുവായൂര്‍ പോലീസും ചേര്‍ന്ന് സുല്‍ത്താന്‍ ബത്തേരി പോലീസിന്റെ സഹായത്താല്‍ നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. സ്വകാര്യ ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സജീഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ലോഡ്ജിന്റെ രണ്ടാം നിലയിലുള്ള റൂമിന്റെ ജനല്‍ ചില്ല് തകര്‍ത്തു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്.

കഴിഞ്ഞ ജൂണ്‍ മാസം അവസാനം തവനൂര്‍ ജയിലില്‍ നിന്നും ഒരു മോഷണ കേസില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയതാണ് പ്രതി. മലപ്പുറം തേഞ്ഞിപ്പാലത്തു നിന്നും ഒരു സ്‌കൂട്ടര്‍ മോഷ്ടിച്ച്‌ പിന്നീട് ആ സ്‌കൂട്ടറില്‍ സഞ്ചരിച്ചാണ് മോഷണം നടത്തിയിരുന്നത്. ജയിലില്‍ നിന്നും പുറത്തിറങ്ങി ചുരുങ്ങിയ ദിവസം കൊണ്ട് തൃശൂര്‍ ജില്ലയിലെ വടക്കേക്കാട്, ഗുരുവായൂര്‍, കുന്നംകുളം സ്റ്റേഷന്‍ പരിധികളിലും കോഴിക്കോട്, മലപ്പുറം എന്നീ ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധിയിലെ അമ്ബലങ്ങളിലും മോഷണം നടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

മോഷണം നടത്തി കിട്ടുന്ന പണം ഊട്ടി, മൈസൂര്‍ എന്നിവിടങ്ങളില്‍ ആഡംബര ജീവിതം നയിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. 40ല്‍ അധികം മോഷണ കേസുകളില്‍ പ്രതിയായ സജീഷ് നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി. വടക്കേക്കാട് എസ്.ഐ. ബിജു സി. മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. എസ്. ഐക്ക് പുറമെ സി.പി.ഒമാരായ ജി.അരുണ്‍, ജെ. ബിനീഷ്, ഷാജികുമാര്‍, ജോബിഷ് എന്നിവരും തെളിവെടുപ്പ് സംഘത്തില്‍ ഉണ്ടായിരുന്നു.