തലശ്ശേരി: ദുബായിയിലുള്ള കണ്ണൂർ സ്വദേശിയുടെ വ്യവസായ -വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പ്രതികളുടെ ജാമ്യാപേക്ഷ കണ്ണൂർ സെഷൻസ് കോടതി തള്ളി.
കണ്ണൂർ കിഴുന്നയിലെ കണ്ടാച്ചേരി സജിത്തിന്റെ പരാതിയില്‍ ആലപ്പുഴയിലെ പ്രിൻസ് സുബ്രഹ്മണ്യം, ചങ്ങനാശ്ശേരിയിലെ മഹാലക്ഷ്മി സുവേന്ദ്രൻ എന്നിവർക്കെതിരെ എടക്കാട് പൊലീസ് ചാർജ് ചെയ്ത കേസിലാണ് കോടതി നടപടി.
വിശ്വാസ വഞ്ചനയും വ്യാജരേഖ ചമച്ച് നടത്തിയ തട്ടിപ്പും പ്രഥമദൃഷ്ട്യാ വ്യക്തമായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം ശരിവച്ചാണ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി നിരാകരിച്ചത്. റാസല്‍ഖൈമയിലെ തന്റെ സ്ഥാപനത്തില്‍ നിന്ന് 50 കോടി രൂപയുടെയും സഹോദര സ്ഥാപനമായ നെക്സ്റ്റ് സ്‌കാഫ് ഫോള്‍ഡിംഗ് ഇൻഡസ്ട്രീസില്‍ നിന്ന് 8.60 കോടിയുടെയും ഹമരിയഫ്രീ സോണിലെ സ്ഥാപനത്തില്‍ നിന്നും 8.10 കോടിയുടേയും സാധനങ്ങള്‍ വിറ്റ് പണം തട്ടിയെന്നും സജിത്ത് നല്‍കിയ പരാതിയിലുണ്ട്.
ദുബായിയിലെ വെല്‍ഗേറ്റ്സ് ഇൻഡസ്ട്രീസ് അടക്കമുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന സജിത്ത് നിയമകാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിന് ദുബായിയിലും കൊച്ചിയിലുമായി പ്രവർത്തിക്കുന്ന എക്സ്ട്രീം ഇന്റർനാഷണല്‍ കണ്‍സള്‍ട്ടൻസിയുടെ എംഡിയായ പ്രിൻസ് സുബ്രഹ്മണ്യത്തിന് ഒരു ലക്ഷം ദിർഹം ഇതിനായി പ്രതിഫലം നല്‍കി പവർ ഓഫ് അറ്റോർണി നല്‍കിയിരുന്നു.
എന്നാല്‍, സ്ഥാപനത്തിന്റെ അക്കൗണ്ട് വിവരങ്ങള്‍, ബാങ്കിടപാട് വിവരങ്ങള്‍, ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ കൈക്കലാക്കിയ പ്രിൻസ് അതുപയോഗിച്ച് വിശ്വാസവഞ്ചന നടത്തുന്നുവെന്ന് ബോദ്ധ്യപ്പെട്ട് പവർ ഓഫ് അറ്റോണി പിൻവലിച്ച് കുടുംബസുഹൃത്തായ മഹാലക്ഷ്മി സുവേന്ദ്രന് ചുമതല നല്‍കി. സാമ്ബത്തിക ബാദ്ധ്യത പരിഹരിക്കുന്നതിനായി നാട്ടിലെത്തിയ സജിത്തിന് യാത്രാവിലക്ക് നേരിട്ടതിനെ തുടർന്ന് നിയമോപദേശമനുസരിച്ച് ഗഡുക്കളായി പണം നല്‍കാൻ ഒപ്പിട്ട ബ്ലാങ്ക് ചെക്കുലീഫുകള്‍ മഹാലക്ഷ്മിക്ക് നല്‍കി.
എന്നാല്‍ മഹാലക്ഷ്മിയും പ്രിൻസും വിശ്വാസവഞ്ചന കാട്ടുന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് ഇരുവർക്കുമെതിരെ ദുബായിയിലും മറ്റ് എമിറേറ്റ്സുകളിലുമായി പരാതി നല്‍കി. ഇരുവർക്കും നല്‍കിയ അധികാരപത്രം യുഎഇയിലെ കോടതി മുഖേന 2023 ഫെബ്രുവരി 15ന് റദ്ദാക്കി. എന്നാല്‍ നേരത്തെ വാങ്ങിവച്ച ബ്ലാങ്ക് ചെക്കുപയോഗിച്ച് തട്ടിപ്പുകള്‍ തുടർന്ന് തന്നെ ബാദ്ധ്യതക്കാരനാക്കിയെന്നാണ് സജിത്തിന്റെ പരാതി.
മഹാലക്ഷ്മിയുടെ പവർ ഓഫ് അറ്റോണിയുടെ ബലത്തില്‍ സജിത്തിനെതിരെ പ്രിൻസ് പരാതി നല്‍കിയിരുന്നു. താൻ നല്‍കിയ ബ്ലാങ്ക് ചെക്കുകളില്‍ വർഷങ്ങള്‍ക്ക് ശേഷം വലിയ തുക എഴുതി ബാങ്കില്‍ നല്‍കി കേസുകളില്‍ കുടുക്കുകയാണെന്നും സജിത്തിന്റെ പരാതിയിലുണ്ട്. വ്യാജരേഖ ചമച്ച് ദുബായിയിലെ കോടതിയില്‍ പരാതി നല്‍കി കേസില്‍ കുടുക്കി അപകീർത്തിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.