7 മാസത്തില്‍ കൊന്ന് തള്ളിയത് മധ്യവയസ്കരായ 9 സ്ത്രീകളെ, ബറേലിയെ ഭീതിയിലാക്കി സീരിയല്‍ കില്ലര്‍, ഒടുവില്‍ പിടിയില്‍
ബറേലി: ഏഴ് മാസത്തിനുള്ളില്‍ 9 സ്ത്രീകളെ കൊന്ന് തള്ളി ഉത്തർപ്രദേശിനെ ഭീതിയിലാക്കിയ സീരിയല്‍ കില്ലർ അറസ്റ്റില്‍.സാരി കൊണ്ടോ ഷാള്‍ ഉപയോഗിച്ചോ കഴുത്തില്‍ ഒരു കെട്ടുമായി സ്ത്രീകളുടെ മൃതശരീരം ബറേലിയില്‍ കാണാൻ ആരംഭിച്ചത് കഴിഞ്ഞ ജൂലൈ മാസമാണ്. സമാനമായ രീതിയിലെ മൂന്നിലേറെ കൊലപാതകങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഒരാള്‍ തന്നെയാണ് സംഭവത്തിന് പിന്നിലുള്ളതെന്ന സംശയം പൊലീസിനുണ്ടാവുന്നത്. 22 സംഘമായി തിരിഞ്ഞ് 25 കിലോമീറ്റർ പരിസര പ്രദേശം പൊലീസ് അരിച്ച് പെറുക്കി നടത്തിയ തെരച്ചിലിന് ഒടുവിലാണ് ബറേലി സ്വദേശിയായ യുവാവ് പിടിയിലായത്.
നവാബ്ഗഞ്ച് സ്വദേശിയായ കുല്‍ദീപ് ഗാംഗ്വാറാണ് പിടിയിലായിട്ടുള്ളത്. പ്രാഥമിക് അന്വേഷണത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസിന് സീരിയല്‍ കില്ലറിനേക്കുറിച്ചുള്ള സൂചന ലഭിക്കുന്നത്. വെള്ളിയാഴ്ചയാണ് പൊലീസ് ഇയാളെ പിടികൂടിയത്. രണ്ടാനമ്മയുടെ ക്രൂരതയും കുടുംബ പ്രശ്നങ്ങളുമാണ് ഇയാളെ ഇത്തരം ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 45നും 65നും പ്രായമുള്ള ഗ്രാമീണരായ സ്ത്രീകളെ ആയിരുന്നു ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. അമ്മ ജീവിച്ചിരിക്കെ പിതാവ് രണ്ടാം വിവാഹം ചെയ്തതും, രണ്ടാനമ്മയുടെ മർദ്ദനവും, വിവാഹത്തിന് തൊട്ട്പിന്നാലെ ഭാര്യ ഉപേക്ഷിച്ചതുമെല്ലാം ഇയാളെ സ്ത്രീകള്‍ക്കെതിരായ അക്രമത്തിന് പ്രേരിപ്പിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്.
22 സംഘങ്ങളായി തിരിഞ്ഞ് 1500 സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത് . ഇതിന് പിന്നാലെ വ്യാഴാഴ്ചയാണ് പൊലീസ് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് വിട്ടത്. പാടത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന മധ്യവയസ്കരായ സ്ത്രീകളെ കൊന്ന് മൃതദേഹം പാടത്ത് ഉപേക്ഷിക്കുന്നതായിരുന്നു ഇയാളുടെ രീതി. ഇയാളുടെ പക്കല്‍ നിന്ന് കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരണവും പൊട്ടുകളും വസ്ത്രങ്ങളും ഇയാള്‍ സൂക്ഷിച്ച് വച്ചിരുന്നു. ഇത്തരം വസ്തുക്കള്‍ ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടിട്ടുണ്ട്. 2023 ജൂലൈ 1നാണ് ബറേലിയിലെ ഷാഹിയിലും ഷീഷ്ഗാഹ് പരിസരത്തുമായാണ് കൊലപാതകങ്ങള്‍ നടന്നിരുന്നത്. അഞ്ച് മാസം നീണ്ട അന്വേഷണത്തിലൊടുവിലാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.