പ്രധാനമന്ത്രിയുടെ വരവില്‍ കേരളത്തിന് പ്രതീക്ഷ, 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെടാന്‍ കേരളം

കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടല്‍ ദുരന്തം തകര്‍ത്ത വയനാട്ടിലെ മുണ്ടക്കൈ അടക്കമുള്ള പ്രദേശങ്ങള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. രാവിലെ പതിനൊന്നരയ്ക്കാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക. കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന മോദിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് വയനാട്ടിലേക്ക് തിരിക്കും.

ദുരന്തബാധിത മേഖലകള്‍ ഹെലികോപ്ടറില്‍ ഇരുന്നാണ് കാണുക. അതിന് ശേഷം കല്‍പ്പറ്റിലേക്ക് അദ്ദേഹം മടങ്ങും. തുടര്‍ന്ന് റോഡ് മാര്‍ഗം ചൂരല്‍മലയിലേക്ക് എത്തും. ബെയ്‌ലി പാലം അടക്കം പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഇതിലൂടെ കടന്നുപോകുന്ന തിരച്ചിലിന് ഇറങ്ങിയ വിവിധ രക്ഷാസേനകളെയും അദ്ദേഹം അഭിനന്ദിക്കും. ഇന്ന് വയനാട്ടില്‍ തിരച്ചിലുമുണ്ടാവില്ല.

അതേസമയം മുണ്ടക്കൈയിലെ ദുരന്തബാധിത മേഖലകളെല്ലാം മോദി സന്ദര്‍ശിക്കും. ചികിത്സയില്‍ കഴിയുന്നവരെയും ക്യാമ്പുകളില്‍ ഉള്ളവരെയും അദ്ദേഹം കാണും. തുടര്‍ന്ന് കളക്ടറേറ്റിലെ അവലോകന യോഗത്തിലും പങ്കെടുക്കും.. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് ജില്ലയില്‍ തിരച്ചില്‍ ഒഴിവാക്കിയതെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ അതുകൊണ്ട് തിരച്ചിലുണ്ടാവില്ല. സന്നദ്ധ പ്രവര്‍ത്തകര്‍, തിരച്ചിലുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ തുടങ്ങിയവര്‍ക്ക് ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ച്ച ജനകീയ തിരച്ചില്‍ പുനരാരംഭിക്കുമെന്നും കള്ടര്‍ അറിയിച്ചു.

അതേസമയം മോദിയുടെ വരവില്‍ കേരളം വലിയ പ്രതീക്ഷ. വയനാടിനായി പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ വയനാടിനായി കൂടുതല്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക പാക്കേജ് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ദുരിതബാധിതരുടെ പുനരധിവാസത്തിന് രണ്ടായിരം കോടിയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുക. മോദിക്കൊപ്പം വയനാട് സന്ദര്‍ശിക്കാന്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടായിരിക്കും. താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ട്.

രാവിലെ 7 മണി മുതല്‍ വൈകീട്ട് മൂന്ന് വരെ ചുരത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണേര്‍പ്പെടുത്തിയത്. ചരക്കുവാഹനങ്ങള്‍ അടക്കം കടത്തിവിടില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തിലെത്തിയാല്‍ പ്രധാമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും.

അതേസമയം വയനാട് സന്ദര്‍ശിക്കാനുള്ള തീരുമാനത്തില്‍ മോദിക്ക് നന്ദിയറിയിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. കാര്യങ്ങള്‍ നേരിട്ട് കണ്ട് ഈ മഹാദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാന്‍ അങ്ങേയ്ക്ക് സാധിക്കും. ഇതൊരു നല്ല തീരുമാനമാണ്. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കി, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു.