വയനാട് ഉരുള്‍ ദുരന്തം: കെ.എൻ.എം 50 വീടുകള്‍ നിര്‍മിച്ചുനല്‍കും

മേപ്പാടി (വയനാട്): വയനാട് ദുരന്തത്തിന് ഇരയായ 50 കുടുംബങ്ങള്‍ക്ക് കെ.എൻ.എം സംസ്ഥാന സമിതി വീട് നിർമിച്ചു നല്‍കുമെന്ന് പ്രസിഡന്റ് ടി.പി.അബ്ദുല്ല കോയ മദനി വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 100 കുടുംബങ്ങളെ പുനരധിവസിപ്പിക്കും. താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിക്കൊടുക്കുന്നതോടൊപ്പം ആവശ്യമുള്ള സാമഗ്രികള്‍ നല്‍കും.

 

സ്ഥിരം സംവിധാനമാകുന്നതുവരെ വാടക നല്‍കാൻ സഹായിക്കും. 50 പേർക്ക് സ്വയം തൊഴില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കും. കടകളുടെ നവീകരണം, തൊഴില്‍ ഉപകരണങ്ങള്‍, ജീവിതമാർഗം എന്നിവ കണ്ടെത്താനുള്ള സഹായമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. 50 കുടിവെള്ള പദ്ധതി നടപ്പാക്കും. വയനാട് ദുരന്തത്തില്‍ കുടിവെള്ള സ്രോതസ്സ് നഷ്ടപ്പെട്ടവർക്ക് കിണർ, ശുദ്ധജലത്തിന് അനുയോജ്യമായ മാർഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കും.

 

50 കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായം നല്‍കാനും പദ്ധതിയുണ്ട്. ദുരന്തത്തിനിരയായ കുടുംബങ്ങളിലെ ഡിഗ്രി, പി.ജി, പ്രഫഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് മാസത്തില്‍ നിശ്ചിതതുക നല്‍കുന്ന പദ്ധതിയാണിത്. വൈസ് പ്രസിഡന്റ്‌ ഡോ. ഹുസൈൻ മടവൂർ, ട്രഷറർ നൂർ മുഹമ്മദ് നൂർഷ, വൈസ് പ്രസിഡന്റ്‌ പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, സെക്രട്ടറിമാരായ ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി, മീഡിയ കോഓഡിനേറ്റർ നിസാർ ഒളവണ്ണ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.