വയനാട്ടില്‍ ശക്തമായ മഴ തുടരും, പോത്തുകല്ലില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കും; മന്ത്രിസഭാ യോഗം സ്ഥിതി വിലയിരുത്തും
മേപ്പാടി: വയനാട്ടില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകീട്ട് ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ കനത്ത മഴ പെയ്തതോടെ, ചൂരല്‍മല പുത്തുമല എന്നിവിടങ്ങളില്‍ നിന്നായി 83 പേരെ മാറ്റിപാർപ്പിച്ചു.തൃക്കൈപ്പറ്റ സ്കൂളില്‍ ആണ് ക്യാമ്ബ്. മഴമൂലം ഇന്നലെ മുടങ്ങിയ സംസ്കാരം ഇന്നുണ്ടാകും. കാണാതായവർക്കുള്ള തെരച്ചില്‍ തുടരും. വിദഗ്ദ്ധ സംഘം ഉരുള്‍ ബാധിത മേഖലയില്‍ എത്തി വിവരശേഖരണം തുടരുകയാണ്. പോത്തുകല്ലില്‍ തിരച്ചിലിന് പോയവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഇന്നുണ്ടാകും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തും.
പോത്തുകല്ല് ചാലിയാറില്‍ ഇന്നലെ തെരച്ചിലിനു പോയ 14 അംഗ സംഘം പരപ്പൻപാറയില്‍ കുടുങ്ങി. എസ്ഡിപിഐ പ്രവർത്തകർ ആണ് വനത്തില്‍ കുടുങ്ങിയത്. പെട്ടെന്നുള്ള മഴ കാരണം വെള്ളത്തിന്റെ കുത്തിയൊഴുക്ക് കൂടിയതോടെ തിരിച്ചു വരാൻ കഴിഞ്ഞില്ലെന്ന് എസ്ഡിപിഐ പ്രവർത്തകർ പാർട്ടി നേതൃത്വത്തെ അറിയിച്ചു. പുഴക്ക് അക്കരെ ഒരു കാപ്പിതോട്ടത്തില്‍ രാത്രി കഴിച്ചുകൂട്ടുകയാണെന്നും സുരക്ഷിതരാണെന്നും എസ്ഡിപിഐ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.പ്രാദേശിക എസ്ഡിപിഐ നേതൃത്വം പോത്ത് കല്ല് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്
വയനാട് ദുരന്തത്തില്‍പ്പെട്ടവർക്ക് ആശ്വാസം നല്‍കുന്നതിനുള്ള നടപടികള്‍ ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കേന്ദ്രത്തിന് നല്‍കേണ്ട വിവരങ്ങള്‍ അതിവേഗം തയ്യാറാക്കാനുള്ള നടപടികളും സ്വീകരിക്കും. നേരത്തെ സംസ്ഥാനസർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിന് ഇരയായവരെ വാടകവീടുകളിലേക്ക് മാറ്റുന്നതിനാണ് ഇപ്പോള്‍ മുൻഗണന. വാടകവീടുകള്‍ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മരിച്ചവരുടെയും നഷ്ടപ്പെട്ട സ്വത്തിന്റെയും അവകാശികളാരെന്ന് ഉറപ്പാക്കാനുള്ള നിയമപ്രശ്നത്തിനും ഉടൻ പരിഹാരം കണ്ടെത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന കഴിഞ്ഞ ദിവസം 110 കോടി കവിഞ്ഞിരുന്നു.